above post ad local

കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

വയനാട്ടിലെ കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. 17 വളർത്തുമൃഗങ്ങളെ നഷ്ടമായ കുറുക്കൻമൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമായില്ല. എന്നാൽ നിലവിലെ ഉത്തരവനുസരിച്ചുള്ള അടിസ്ഥാന നഷ്ടപരിഹാരത്തുക പാസായെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതി കാലങ്ങളായുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുറുക്കൻ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒരു മാസമായിട്ടും  യാതൊരു നടപടിയുമുണ്ടായില്ല. സർക്കാർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കർഷകർ പറയുന്നത്.

കുറുക്കൻ മൂലയിലും പയ്യന്പളിയിലുമായി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട 13 കർഷകർക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. നിലവിൽ നൽകി വരുന്ന നഷ്ടപരിഹാരത്തുക പാസായെന്നാണ് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ അറിയിക്കുന്നത്. എന്നാൽ തുച്ഛമായ നഷ്ടപരിഹാര  തുക അംഗീകരിക്കാനാവില്ലെന്നാണ് കർഷകരുടെ നിലപാട്.  ഉൾ വനത്തിലേക്ക് കടന്ന മുറിവുകളേറ്റ കടുവയെ വനം വകുപ്പിന് ഇതുവരെ പിടികൂടാനുമായിട്ടില്ല.

- Advertisement -

- Advertisement -

- Advertisement -

Comments are closed.