above post ad local

പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശമില്ലെങ്കിലും ആവേശത്തിന് കുറവില്ല

0

കോഴിക്കോട്:ആൾക്കൂട്ടങ്ങളുടെ കൊട്ടിക്കലാശമില്ല. പക്ഷേ, വീറിനും വാശിക്കും ആവേശത്തിനും കുറവേതുമില്ല. നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് ഞായറാഴ്ച വൈകീട്ടോടെ തിരശ്ശീല വീഴും. എന്നാൽ, ചൂണ്ടുവിരലുകൾ വോട്ടിങ് യന്ത്രങ്ങളിൽ പതിഞ്ഞുതീരുന്നതുവരെ നിശ്ശബ്ദപ്രചാരണം നടക്കും.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാൻ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.

ശബരിമലയുടെ മണ്ണിൽ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം എതിർപാളയത്തിലെ നേതാക്കളുടെ വിമർശനത്തിന് വിഷയമായെങ്കിലും അതിൽ കയറിപ്പിടിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല. ശബരിമല ഇപ്പോഴും പാർട്ടികൾക്ക് പൊള്ളുന്ന വിഷയമാണെന്നതിന്റെ സൂചനകൂടിയായി അത്. അതേസമയം, ആചാരലംഘനത്തിന് പിണറായിസർക്കാരും സി.പി.എമ്മും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് വേദികളിൽ ബി.ജെ.പി. ഉന്നയിക്കുന്നത്.

അദാനിയുമായി പിണറായിസർക്കാർ വൈദ്യുതിക്കരാറിലേർപ്പെട്ടതിലെ വിശദീകരണം ആരാഞ്ഞാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്. അദാനി എന്തിന് കണ്ണൂരിൽ വന്നു എന്ന ചോദ്യം കെ.പി.സി.സി. നേതാക്കളും ഉന്നയിച്ചു. എന്നാൽ, ഇതും ചീറ്റിപ്പോയ പടക്കമായി നിസ്സാരവത്കരിക്കുകയാണ് മുഖ്യമന്ത്രി. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികൾ ആവേശത്തോടെ ചാർത്തിനൽകിയ ക്യാപ്റ്റൻ എന്ന വിശേഷണത്തോട് ചില കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളിൽ പല വ്യാഖ്യാനങ്ങൾക്കും കാരണമായി. ആളുകൾ അവരുടെ താത്പര്യമനുസരിച്ച് അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിയാണ് ക്യാപ്റ്റൻ എന്നായിരുന്നു പി. ജയരാജന്റെ വിശേഷണം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്ന വിശദീകരണമായിരുന്നു കോടിയേരി ബാലകൃഷ്ണൻ നൽകിയത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.