above post ad local

ആളാകെ മാറി ഫഹദ്; ഉദ്വേഗം ജനിപ്പിച്ച് ജോജി ട്രെയ്‌ലര്‍, ഏപ്രില്‍ ഏഴിന് പ്രൈമില്‍

ആര് കണ്ടാലും ഒന്ന് ചോദിക്കും. ഇത് ഫഹദ് ഫാസിൽ തന്നെയോ എന്ന്. രൂപത്തിൽ അത്രയ്ക്കുമുണ്ട് വ്യത്യാസം. ദിലീഷ് പോത്തന്റെ പുതിയ ചിത്രം ജോജിയുടെ ട്രെയ്ലറിന്റെ ഹൈലൈറ്റ് ഫഹദിന്റെ ഈ അടിമുടി മാറിയ ലുക്ക് തന്നെയാണ്. തീരേ മെലിഞ്ഞ് പ്രായം കുറഞ്ഞപോലെ. ദിലീഷ് പോത്തന്റെ പതിവ് ടോണിലും ശൈലിയിലും ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്ലർ ആവേശവും ഉദ്വേഗവും ജനിപ്പിക്കുന്നുണ്ട്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്.

തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന ക്രൈം ഡ്രാമയായ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ശ്യാം പുഷ്കരനാണ്. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമാണിത്.

ടൈറ്റിൽ കഥാപാത്രമായ ജോജിയാണ് ഫഹദ്. എൻജിനീയറിങ് പഠനം പാതവഴിയിൽ ഉപേക്ഷിച്ച സമ്പന്ന കർഷക കുടുംബത്തിലെ ഇളയ സന്തതി. ജോജിക്ക് വീട്ടിൽ വലിയ വിലയില്ല. എങ്ങനെയെങ്കിലും വിദേശത്തേയ്ക്ക് പറന്ന് പണമുണ്ടാക്കണം അതാണ് സ്വപ്നം. ഒടുവിൽ അയാൾ ചില തീരുമാനങ്ങൾ എടുക്കും. അത് കുടുംബത്തെ കീഴ്മേൽ മറിക്കുന്നു. ഇതാണ് ഇതിവൃത്തം. ഷെക്സ്പിയറിന്റെ മക്ബത്തിൽ നിന്നാണ് കഥയുടെ പ്രേരണ.

ബാബുരാജ്, ഷമ്മിതിലകൻ, ഉണ്ണിമായ, ബേസിൽ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നിരവധി പുതുമുഖങ്ങളുമുണ്ട്.ഭാവന സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.