above post ad local

പാമ്പ് കടിച്ചു. കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് 45കാരൻ

ജജ്പുർ: തന്നെ കടിച്ച പാമ്പിനെ ആദിവാസിയായ 45-കാരൻ തിരിച്ചു കടിച്ചു കൊന്നു. ഒഡീഷയിലെ ജജ്പുർ ജില്ലയിലുള്ള സലിജംഗ പഞ്ചായത്തിലാണ് സംഭവം.

കിഷോർ ബദ്രയെന്ന കർഷകൻ ബുധനാഴ്ച രാത്രിയോടെ തന്റെ നെൽവയലിലെ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരും വഴി കാലിൽ പാമ്പു കടിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരത്തിൽ കിഷോർ ബദ്ര പാമ്പിനെ ഉടൻ പിടികൂടി തിരിച്ച് കടിച്ചു കൊല്ലുകയായിരുന്നു.

‘കഴിഞ്ഞ ദിവസം രാത്രി കാൽനടയായി ഞാൻ വീട്ടിലേക്ക് പോകുകയായിരുന്നു. എന്തോ കാലിൽ കടിച്ചു. ടോർച്ചടിച്ച് നോക്കിയപ്പോൾ വിഷപാമ്പാണെന്ന് കണ്ടു. തുടർന്ന് ഇതിനെ കൈയിലെടുത്ത് ഞാൻ തുടരെ തുടരെ കടിച്ചു. അവിടെ വെച്ച് തന്നെ അതിനെ കൊന്നു’ ബദ്ര പറഞ്ഞു.

തുടർന്ന് ചത്ത പാമ്പിനേയും തൂക്കിയെടുത്ത് ബദ്ര സംഭവം ഭാര്യയോട് വിവരിച്ചു. സുഹൃത്തുക്കൾക്ക് മുന്നിലും ബദ്ര പാമ്പിനെ പ്രദർശിപ്പിച്ചതോടെ ഗ്രാമത്തിൽ ഇത് വലിയ ചർച്ചയായി.

അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ ഗ്രാമവാസികളിൽ ചിലർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. പിന്നീട് പരമ്പരാഗത വൈദ്യനെ സമീപിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.