above post ad local

ആ ഒരു ഭാഗ്യം എനിക്കുണ്ട്; ലുക്ക് മാറ്റിയത് പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങിയത് കൊണ്ടെന്ന് പ്രയാഗ മാര്‍ട്ടിന്‍

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലെ പിശാശ് എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമായി. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആന്‍ മരിയ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. ഇപ്പോള്‍ തമിഴില്‍ സൂര്യയുടെ നായികയാവുന്നതിന്റെ ത്രില്ലിലാണ് നടി.

മണിരത്‌നം നിര്‍മ്മിക്കുന്ന ആന്തോളജി വെബ് സീരിസില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രയാഗയും എത്തുന്നുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ സൂര്യയുടെ നായികയായിട്ടാണ് പ്രയാഗ അഭിനയിക്കുന്നത്. കൊവിഡ് കാലത്ത് തന്നെ തേടി വന്ന ഭാഗ്യ സിനിമയെ കുറിച്ചും ചിത്രീകരണത്തിന് ശേഷമുള്ള വിശേഷങ്ങളും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുകയാണ്. വിശദമായി വായിക്കാം…

ആറ് വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഒരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നി. ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകര്‍ക്കും ബോറടിച്ച് തുടങ്ങിയത് കൊണ്ടാണ് ഈ മാറ്റം. മാറ്റം ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് പ്രേക്ഷകരാണ്. ലുക്കിലെ മാറ്റം തിരിച്ചറിയാന്‍ ഒരു ഫോട്ടോഷൂട്ട് മതി. മറ്റുള്ള മാറ്റങ്ങള്‍ സിനിമയിലൂടെയും പെരുമാറ്റത്തിലൂടെയും വേണം പ്രേക്ഷകരിലേക്ക് എത്താന്‍. അത് വരും കാലങ്ങളില്‍ കണ്ട് അറിയേണ്ടതാണ്.

സൂര്യയുടെ നായികയായി അഭിനയിക്കുന്നതിനെ കുറിച്ച് ലളിതമായി പറഞ്ഞാല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കരിയറില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. അത്തരത്തിലൊരു ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിനായി ഒരുപാട് പരിശ്രമിച്ചു. അതിന്റെ ഒക്കെ സഫലീമെന്നോണം ആണ് ഒരുപാട് ആളുകള്‍ സ്വപ്‌നം കാണുന്ന ഈ അവസരം തേടി എത്തിയത്.

 

ഇത്രയും വലിയ പ്രതിഭാധനര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പേടി തോന്നിയോ എന്ന ചോദ്യത്തിനും പ്രയാഗ ഉത്തരം പറഞ്ഞിരുന്നു. നമ്മളെ ആരെയും ഒരു തരത്തിലും പേടിപ്പിക്കുന്ന ആളുകളല്ല ഇവരാരും. എന്നെ കംഫര്‍ട്ടബിള്‍ ആക്കിയതിന് ശേഷം മാത്രമാണ് അവര്‍ മുന്നോട്ട് പോയത്. മറ്റെന്തെങ്കിലും കാരണം കൊണ്ടാണെങ്കിലും ഞാന്‍ ഒാക്കെ അല്ലെങ്കിലും എന്നെ ഓക്കെ ആക്കിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അവര്‍ ചിത്രീകരണവുമായി മുന്നോട്ട് പോയിരുന്നുള്ളു. അതുകൊണ്ട് തന്നെ പേടിക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

 

ഇന്നേ വരെ ഞാന്‍ ചെയ്ത സിനിമകളില്‍ വച്ച് എനിക്കേറ്റവുമധികം അങ്ങനെ ഒരു തോന്നല്‍ ഉണ്ടായതും ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോഴാണ്. അഞ്ചോ ആറോ വര്‍ഷത്തെ അഭിനയ പരിചയം മാത്രമുള്ള എനിക്ക് ഇത്രയും വലിയ ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് തന്നെ അപൂര്‍വ്വമായി ലഭിക്കുന്ന ഭാഗ്യമാണ്. അതുള്‍ കൊണ്ട് നാളെ എന്നെ ഈ റോളിലേക്ക് തിരഞ്ഞെടുത്തതിന്റെ പേരില്‍ ആരും ദുഃഖിക്കേണ്ടി വരരുതെന്ന ഉറച്ച ബോദ്യത്തോടെ എന്റെ നൂറ് ശതമാനം കഴിവും പുറത്തെടുത്താണ് അഭിനയിച്ചത്.

 

കരിയറില്‍ വളരെ നല്ല കോ-സ്റ്റാര്‍സിനെ കിട്ടിയിട്ടുള്ള ആളാണ് ഞാന്‍. അത്തരത്തില്‍ ഒരു ഭാഗ്യം ഒരുപാട് എനിക്കുണ്ടെന്ന് ഏറ്റവുമധികം മനസിലായത് ഈ സിനിമയില്‍ സൂര്യ സാറിനൊപ്പം അഭിനയിച്ചപ്പോഴാണ്. ഇത്രയും വലിയ താരമായിട്ടും വിനയത്തോടെയും സമാധാനത്തോടെയും സോഫ്റ്റ് ആയിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്. എല്ലാവരുടെയും അദ്ദേഹം അങ്ങനെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് കമല്‍ എന്നാണ്. എന്റെ കഥാപത്രം നേത്ര. സൂര്യ സാറിന്റെ വ്യക്തിത്വവുമായി ഏറെ ബന്ധപ്പെട്ട് കിടക്കന്ന കഥാപാത്രമാണ് കമല്‍. അതുകൊണ്ട് അദ്ദേഹം സാധാരണ പെരുമാറുന്ന പോലെ അഭിനയിച്ചു. അതിനൊത്ത റിയാക്ഷന്‍ കൊടുക്കുക മാത്രമായിരുന്നു എന്റെ ജോലി.

ഇത്തവണ ട്രോളുകള്‍ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. ട്രോളുന്നവരോട് സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും പറയാനില്ല. ചില ട്രോളുകളൊക്കെ കാണുമ്പോള്‍ ചിരിക്കാറുണ്ട്. പൊതുജനത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്. അവര്‍ക്ക് എന്തും പറയാം. അവര്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നവരസയിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തിക് എന്ന മാന്ത്രികന്റെ സൃഷ്ടിയാണ് ആ ഗാനം. ഇതിലെ പാട്ടുകളും സിനിമയുമായി ഇഴുകി ചേര്‍ന്നാണ് കിടക്കുന്നത്. ഗൗതം സാറും കാര്‍ത്തിക്കും തമ്മില്‍ ഇപ്പോഴും ചര്‍ച്ചയായിരുന്നു. ഷൂട്ടിങ്ങ് സമയത്തൊക്കെ ഒന്നുകില്‍ ഫോണിലൂടെ അല്ലെങ്കില്‍ നേരിട്ടെത്തി ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തും. ഇവരുടെ കെമിസട്രിയാണ് ആ പാട്ട്.

 

പ്രയാഗയുടെ ലുക്ക് മാത്രമല്ല സംസാരവും മാറി. കൂടുതല്‍ പക്വത വന്നല്ലോ എന്ന ചോദ്യത്തിന് എന്നെ അധികം സംസാരിക്കാന്‍ ഇതുവരെ ആരും അനുവദിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. സംസാരിച്ചപ്പോഴൊക്കെ നേരത്തെ പറഞ്ഞ ട്രോളന്മാരുടെ പ്രതികരണം അത്ര നല്ലതായിരുന്നില്ല. പിന്നെ ആറ് വര്‍ഷത്തെ അനുഭവ പരിചയമെന്നത് ചെറുതല്ലല്ലോ. ഇക്കാലയളവില്‍ ഒരുപാട് വലിയ ആളുകളെ കണ്ടു. പരിചയപ്പെട്ടു. ഒപ്പം ജോലി ചെയ്തു. ഞാനെന്നല്ല ആരായാലും കുറച്ച് പക്വത കൈവരിക്കും. അത് അറിയാതെ സംഭവിച്ച് പോകുന്നതാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഇനിയും ഒരുപാട് മാറാനുണ്ട്. മുന്നോട്ട് പോകാനുമുണ്ടെന്ന് പ്രയാഗ പറയുന്നു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.