above post ad local

വോട്ടര്‍മാര്‍ 90;വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ട്, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0

ഗുവാഹത്തി: ബൂത്തിലെ രജിസ്റ്റർ ചെയ്ത ആകെ വോട്ടർമാരുടെ എണ്ണം 90. പക്ഷെ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 171. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പൻ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തു. 107(എ) ഖോട്ലിർ എൽ.പി.സ്കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഏപ്രിൽ ഒന്നിന് വോട്ടെടുപ്പ് നടന്ന ഹാഫ്ലോങ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. 2016-ൽ ബി.ജെ.പിയുടെ ബീർ ഭദ്ര ഹാഗ്ജർ ആണ് ഇവിടെ വിജയിച്ചത്. ഈ ബൂത്തിൽ വീണ്ടും പോളിങ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷനെന്ന് അധികൃതരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

മോൾഡാം എൽ.പി. സ്കൂളിലെ പ്രധാന പോളിങ് സ്റ്റേഷന്റെ ഉപകേന്ദ്രമായാണ് ഈ ബൂത്ത് പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ രണ്ടിനു തന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഇത് വാർത്തയായത്. കൃത്യവിലോപം ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പോളിങ് ബൂത്തിൽ രജിസ്റ്റർ ചെയ്തിരുന്നത് 90 വോട്ടർമാരുടെ പേരുകൾ മാത്രമായിരുന്നെന്നും എന്നാൽ ഇ.വി.എമ്മിൽ 171 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ‘ഗ്രാമത്തിന്റെ തലവൻ വോട്ടർപട്ടിക അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയുമായിരുന്നു. തുടർന്ന് ഗ്രാമവസികൾ ഗ്രാമത്തലവൻ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു’- ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോടു പ്രതികരിച്ചു.അതേസമയം തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഗ്രാമത്തലവന്റെ വാദം എന്തുകൊണ്ട് അംഗീകരിച്ചു എന്ന കാര്യം വ്യക്തമല്ല. അവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലേ ?, അവർ വിഷയത്തിൽ ഇടപെട്ടില്ലേ ? എന്ന കാര്യവും വ്യക്തമായിട്ടില്ല

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.