above post ad local

ജമ്മുകശ്മീര്‍: പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

0

ന്യൂഡൽഹി: ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ നേതാക്കളുടെ സർവ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി. ജൂൺ 24-ന് ഡൽഹിയിലാണ് സർവ്വകക്ഷി യോഗമെന്നാണ് റിപ്പോർട്ടുകൾ.

പ്രത്യേക പദവി എടുത്ത് കളഞ്ഞ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്ര സർക്കാർ ആദ്യമായിട്ടാണ് കൂടിയാലോചനയ്ക്ക് ഒരുങ്ങുന്നത്.

സർവ്വകക്ഷി യോഗം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അനൗപചാരിക അറിയിപ്പ് ലഭിച്ചതായി പിഡിപിയും നാഷണൽ കോൺഫറൻസും സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും പാർട്ടികൾ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയവരേയും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളേയും തടങ്കലിലാക്കിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ഇവരെ മാസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.