above post ad local

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല

0

ന്യൂഡൽഹി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് ഇന്ത്യൻ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലിൽ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവർ.

 

2016-18 കാലയളവിൽ അഫ്ഗാനിസ്ഥാനിലെ നൻഗർഹറിലേക്ക് ഭർത്താക്കന്മാർക്കൊപ്പം എത്തിയവരാണ് ഇവർ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളിൽ വെച്ച് ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ അഫ്ഗാൻ പോലീസിന് കീഴടങ്ങുന്നത്. തുടർന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ചു.

 

 

13 രാജ്യങ്ങളിൽ നിന്നുളള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവിൽ പാർപ്പിച്ചിട്ടുളളതായി നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രിൽ 27ന് കാബൂളിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതിൽ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്താനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് ഉളളത്. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാൻ സർക്കാർ ചർച്ചകൾ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

 

ഡൽഹിയിലെ അഫ്ഗാൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.

 

 

ഐഎസിൽ ചേർന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ ഭിന്നതയുണ്ടെന്നും അവരെ തിരികെയെത്തിക്കുന്നതിന് അനുവാദം നൽകാൻ ഇടയില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. 2019 ഡിസംബറിൽ കാബൂളിൽ വെച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കുട്ടികൾക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാൽ ഇവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാൻസ് സ്വീകരിച്ച മാതൃകയിൽ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാൻ അഫ്ഗാനിസ്ഥാൻ അധികൃതരോട് അഭ്യർഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഇന്റർപോൾ ഇവർക്കെതിരേ റെഡ് നോട്ടീസ് നൽകിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.