above post ad local

വാക്‌സിന്‍ വിതരണത്തിലെ ആസൂത്രണമില്ലായ്മ വൈറസിന്റെ ജനിതക വ്യതിയാനത്തിന് കാരണമാകുമെന്ന് വിദഗ്ധർ

0

ന്യൂഡൽഹി: ആസൂത്രിതമല്ലാത്ത വാക്സിൻ വിതരണം ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വകഭേദങ്ങളുടെ ആവിർഭാവത്തിന് കാരണമായേക്കാമെന്ന് വിദഗ്ധർ. എയിംസ് ആശുപത്രിയിലെ ഡോക്ടർമാരും കോവിഡ് 19 ദേശീയ കർമസേനയിലെ അംഗങ്ങളും ഉൾപ്പെടുന്ന ആരോഗ്യവിദഗ്ധരാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

വലിയതോതിലുളള വാക്സിൻ വിതരണത്തിനുപകരം ദുർബലവിഭാഗങ്ങൾക്കും അപകടസാധ്യത കൂടുതലുളളവർക്കും വാക്സിൻ വിതരണം ചെയ്യുന്നതിനാണ് നിലവിൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജിസ്റ്റ്സ് എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധർ തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

 

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഈ ഘട്ടത്തിൽ എല്ലാ പ്രായക്കാർക്കും വാക്സിൻ ലഭ്യമാക്കുന്നതിന് പകരം ലോജിസ്റ്റിക്സ്, എപ്പിഡെമിയോളജിക്കൽ ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം വാക്സിൻ മുൻഗണന തീരുമാനിക്കപ്പെടേണ്ടത്. എല്ലാവർക്കും ഒരുമിച്ച് വാക്സിൻ ലഭ്യമാക്കുക എന്ന തീരുമാനം മനുഷ്യരെയും മറ്റുസ്രോതസ്സുകളെയും ബാധിക്കും. ജനസംഖ്യാതലത്തിൽ പ്രഭാവം ചെലുത്താൻ സാധിക്കുകയുമില്ല, പ്രധാനമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വിദഗ്ധർ പറയുന്നു.

 

ചെറുപ്പക്കാർക്കും കുട്ടികൾക്കും വാക്സിൻ വിതരണം ചെയ്യുന്നതിന് തെളിവുകളുടെ പിൻബലമില്ലെന്നും അതിനുവേണ്ടിവരുന്ന ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമല്ല. ആസൂത്രിതമല്ലാതെ നടത്തുന്ന ഇവ വൈറസ് വകഭേദങ്ങൾക്ക് പ്രോത്സാഹനമാകും. വലിയതോതിലുളള, വിവേചനരഹിതമായ, അപൂർണമായ വാക്സിനേഷൻ വൈറസ് വകഭേദങ്ങളുടെ ആവിർഭാവത്തിന് കരുത്ത് പകരും.

 

കോവിഡ് ബാധിച്ചവർക്ക് വാക്സിൻ നൽകേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവർക്ക് വാക്സിൻ നൽകേണ്ട ആവശ്യമില്ല. കോവിഡ് ബാധയ്ക്ക് ശേഷം വാക്സിൻ ഫലപ്രദമാണ് എന്ന് തെളിവുകൾ ലഭിച്ചതിന് ശേഷം ഇവർക്ക് വാക്സിൻ വിതരണം ചെയ്യാം.

 

എല്ലാ മുതിർന്നവർക്കും വാക്സിൻ എന്നത് ശരിയാണെങ്കിലും പരിമിതമായ വാക്സിൻ ശേഖരവുമായി കോവിഡിനെതിരേ പോരാടുകയാണ് രാജ്യം എന്നുളളതാണ് വസ്തുത. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ മരണസംഖ്യ കുറയ്ക്കുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്. അവരിൽ ഭൂരിഭാഗവും പ്രായമുളളവരും മറ്റുഅസുഖങ്ങളുളളവരും അമിതവണ്ണമുളളവരുമെല്ലാമാണ്. അതിനാൽ ചെറുപ്പക്കാർക്ക് നിലവിലെ പരിമിതികൾ കണക്കിലെടുത്ത് വാക്സിൻ വിതരണം ചെയ്താൽ അത് ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമല്ല.

 

രണ്ടാംതരംഗം അവസാനിക്കുന്നതോടെ പ്രാദേശികതലത്തിലുളള സീറോസർവേകൾ നടപ്പാക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. അത് ജില്ലാതലത്തിൽ എവിടെയാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് കണ്ടെത്താൻ സഹായിക്കും. അത് വാക്സിനേഷൻ തന്ത്രങ്ങളെ നയിക്കാനും സഹായിക്കും. കോവിഡ് രോഗികളെ ദീർഘകാലം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇവർ സൂചിപ്പിക്കുന്നുണ്ട്. ഇത് വീണ്ടും അണുബാധയേൽക്കുന്നത്, തീവ്രത, അനുബാധയ്ക്ക് ശേഷമുളള പ്രതിരോധശേഷി എത്രനാൾ നിൽക്കും തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.