above post ad local

ബി.ജെ.പി നേതാവിന്റെ കാറില്‍ വോട്ടിങ് യന്ത്രം; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, റീപോളിങ്

ഗുവാഹാത്തി: ബി.ജെ.പി നേതാവിന്റെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തിയ അസമിലെ രതബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു.

ബി.ജെ.പി സ്ഥാനാർഥിയായ കൃഷ്ണേന്ദു പാലിന്റെ കാറിൽ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മണ്ഡലം ഉൾപ്പെടുന്നു കരീംഗഞ്ച് ജില്ലയിൽ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു.

കോൺഗ്രസ് ഉൾപ്പടെയുളള പാർട്ടികൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോൺഗ്രസ് ആരോപിച്ചു. വ്യാഴാഴ്ചയാണ് അസമിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്.

കൃഷ്ണേന്ദു പാലിന്റെ കാറിൽ നിന്ന് വോട്ടിങ് മെഷീൻ കണ്ടെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിച്ചിരുന്നു.

സംഭവത്തിൽ അട്ടിമറി ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കാറിൽ വോട്ടിങ് മെഷീനുകൾ സ്ട്രോങ് റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറ് കേടായെന്നും തുടർന്ന് അതിലെ വന്ന സ്വകാര്യ വാഹനത്തിൽ വോട്ടിങ് മെഷീൻ മാറ്റുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സ്ഥാനാർഥിയുടെ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഈ വാഹനം കൃഷ്ണേന്ദു പാലിന്റെ ഭാര്യയുടെ പേരിലുള്ളതാണെന്ന് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പടെയുളളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അസമിൽ വിജയിക്കാൻ വോട്ടിങ് മെഷീൻ പിടിച്ചെടുക്കലും ബൂത്ത് പിടിച്ചെടുക്കലും പോലുള്ള വഴികളെ ബി.ജെ.പിക്ക് മുൻപിലുള്ളു എന്നാണ് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.