above post ad local

മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാം; പക്ഷെ സമയം വേണം: ട്വിറ്റര്‍

0

ന്യൂഡൽഹി: പുതിയ ഐടി മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ ട്വിറ്റർ കേന്ദ്രസർക്കാരിനോട് സാവകാശം തേടിയതായി റിപ്പോർട്ട്. പുതിയ ചട്ടങ്ങൾ അനുസരിക്കാൻ ഒരുക്കമാണെന്നും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങൾക്ക് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ട്വിറ്റർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിച്ച് ഐടി മന്ത്രാലയത്തിന് കമ്പനി കത്തയച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന കാര്യം കേന്ദ്രസർക്കാരിനെ ധരിപ്പിച്ചതായും ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കമ്പനി പ്രതിഞ്ജാബദ്ധമാണെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. കമ്പനിയുടെ വിശ്വസ്തത ബോധ്യപ്പെടുത്താൻ സർക്കാരുമായി കൂടുതൽ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച സർക്കാരിൽ നിന്ന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് അനുകൂലനീക്കമുണ്ടായിരിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് കാലികവും സുതാര്യവുമായ ഒരു സാമൂഹികമാധ്യമവേദി ഉറപ്പുനൽകാൻ തയ്യാറാകാത്തതിൽ വിവരസാങ്കേതിക മന്ത്രാലയം ട്വിറ്ററിനെ വിമർശിക്കുകയും ചെയ്തു.

രാജ്യത്തെ ക്രമസമാധാനനിലയെ ബാധിക്കുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിൽ സാമൂഹികമാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നതിനാണ് പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. ഈ മാർഗനിർദേശങ്ങൾ നിർബന്ധമാക്കിക്കൊണ്ട് പുതുക്കിയ ഐടി ചട്ടങ്ങൾ കഴിഞ്ഞമാസം സർക്കാർ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. നിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു.

മാർഗനിർദേശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന് കഴിഞ്ഞയാഴ്ച നൽകിയ നോട്ടീസിൽ കൃത്യമായ തീയതി സർക്കാർ രേഖപ്പെടുത്തിയിരുന്നില്ല.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.