above post ad local

മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാനാകുമെന്ന് പഠനം

0

മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂർണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാൻ സാധിക്കുമെന്ന് പഠനം. കൊലപാതകം, അർബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിർത്തിയാൽ മനഃക്ലേശത്തിൽനിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു.

സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോർക്കിലെ ബഫലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്വെൽ പാർക്ക് കോംപ്രിഹെൻസീവ് കാൻസർ സെന്ററും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. യു.എസ്., യു.കെ., റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്റെ ഗതിവേഗത്തെ കുറിച്ചുള്ള വിശകലനത്തിന് വിധേയമാക്കിയത്. പഠനഫലം നേച്ചർ കമ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബുദ്ധിമുട്ടുകളിൽനിന്ന് മുക്തരാകാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് ‘Resilience’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 40വയസ്സുള്ള ഒരാളെ അപേക്ഷിച്ച് 80-വയസ്സുള്ള ഒരാൾക്ക് മാനസികബുദ്ധിമുട്ടുകളിൽനിന്ന് മുക്തിനേടാൻ മൂന്നിരട്ടി സമയം വേണ്ടി വരുമെന്ന് പഠനം കണ്ടെത്തി.

രോഗം, അപകടം തുടങ്ങി സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൂടെ ശരീരം കടന്നുപോകുമ്പോൾ പ്രായം കൂടുന്നതിന് അനുസരിച്ച് രോഗമുക്തി നിരക്ക്(Recovery Rate) കുറയുന്നതായി കാണാനാകും. രോഗമുക്തി നേടാനുള്ള സമയം ദീർഘിക്കുന്നതായും കാണാനാകുമെന്നും പഠനം പറയുന്നു. 40 വയസ്സുള്ള ആരോഗ്യമുള്ള ഒരാൾക്ക് ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗമുക്തി നേടാനാകുമെങ്കിൽ 80 വയസ്സുള്ള ഒരാൾക്ക് ഏകദേശം ആറാഴ്ചയോളമാണ് വേണ്ടി വരിക.

സി.എൻ.ഇ.ടിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 120-നും 150 വയസ്സിനും ഇടയിൽ മനഃക്ലേശത്തിൽനിന്ന് മോചിതരാകാനുള്ള ശേഷി മനുഷ്യന് പൂർണമായും നഷ്ടമാകും. ഗുരുതരരോഗങ്ങൾ ഇല്ലാത്തവരിൽ പോലും ഇങ്ങനെ സംഭവിച്ചേക്കാം. അതിനാൽ ആയുർദൈർഘ്യം വർധിപ്പിക്കണമെങ്കിൽ മനഃക്ലേശം, പ്രായമാകൽ എന്നീ ഘടകങ്ങളിൽ മാറ്റം കൊണ്ടുവന്നേ മതിയാകൂവെന്നും റിപ്പോർട്ട് പറയുന്നു.

പഠനത്തിന്റെ ഭാഗമായി ഗവേഷകർ ഡൈനാമിക് ഓർഗാനിസം സ്റ്റേറ്റ് ഇൻഡിക്കേറ്റർ(ഡി.ഒ.എസ്.ഐ.) എന്ന സൂചകത്തെ സൃഷ്ടിച്ചിരുന്നു. സമ്മർദം അനുഭവിക്കുമ്പോൾ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി.), സ്റ്റെപ് കൗണ്ട് എന്നിവയിൽ വ്യതിയാനം ഉണ്ടാകുന്നതായും കണ്ടെത്തി. പ്രായം കൂടുന്നതിന് അനുസരിച്ച് വിമുക്തി നേടുന്നതിനും കാലതാമസമുണ്ടാകും.

പ്രായമാകുന്നതിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ് രോഗവിമുക്തി നിരക്കെന്ന് പഠനം വ്യക്തമാക്കിയതായി ഹാർവാഡ് മെഡിക്കൽ സ്കൂളിലെ ജെനറ്റിക്സ് പ്രൊഫസർ ഡേവിഡ് സിൻക്ലെയർ പറഞ്ഞു. അതിനാൽ തന്നെ പ്രായമാകുന്ന പ്രക്രിയയെ വൈകിപ്പിക്കുന്ന മരുന്നുകൾ വികസിപ്പിച്ച് ആരോഗ്യമുള്ള കാലം ദീർഘിപ്പിക്കുന്നതിന് രോഗമുക്തി നിരക്ക് എന്ന സൂചകത്തിന് സഹായിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘായുസ്സിന്റെ പരിധിയെ കുറിച്ചും പ്രായമാകുന്നതിനെ തടയുന്ന ഭാവിയിലെ കണ്ടുപിടിത്തങ്ങൾക്കും പഠനം സഹായകമാകുമെന്ന് സിംഗപ്പുർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി ആൻഡ് ഫിസിയോളജി പ്രൊഫസറായ ബ്രിയാൻ കെന്നഡി പറഞ്ഞു. ഭൂരിഭാഗം വികസ്വര രാജ്യങ്ങളിലും ആരോഗ്യവും ആയുർദൈർഘ്യവും തമ്മിൽ വളർന്നുവരുന്ന വിടവിനെ ഇല്ലാതാക്കാൻ ഈ പഠനം സഹായിക്കുമെന്നതാണ് കൂടുതൽ പ്രധാനപ്പെട്ട സംഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.