above post ad local

ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ അപകടകാരി ഒന്നുമാത്രം

0

ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.

ഇന്ത്യയിൽ കോവിഡ് 19 രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ ‘ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റെ’ന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ ഒരു വകഭേദം മാത്രമാണ് അപകടകാരിയെന്നാണ് യുഎൻ ഏജൻസി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

വെല്ലുവിളികൾ നിലവിൽ ബി.1.617.2മായി ബന്ധപ്പെട്ടുളളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, മറ്റ് വകഭേദങ്ങൾ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും’ ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617.2 വേഗത്തിൽ പകരാവുന്നതും മാരകവും, പ്രതിരോധ വാക്സിന്റെ സുരക്ഷിതത്വം മറികടക്കാൻ കഴിവുളളതുമാണ്.

ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ, വൈറസിന്റെ വർധിച്ച വ്യാപന ശേഷി എന്നിവ തങ്ങൾ നിരീക്ഷിക്കുന്നത് തുടർന്നുവരികയാണെന്ന് യുഎൻ ഏജൻസി വ്യക്തമാക്കി. ഈ വകഭേദത്തിന്റെ പ്രഭാവത്തെ കുറിച്ചുളള കൂടുതൽ പഠനങ്ങൾക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നൽകിയിട്ടുളളത്. വിയറ്റ്നാം ആരോഗ്യ അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെൽറ്റയുടെ വകഭേദമാണെന്നാണ് കരുതുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) തിങ്കളാഴ്ച പേരിട്ടു. ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചത്. ഒക്ടോബറിൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് ഡെൽറ്റയെന്നും കാപ്പയെന്നുമാണ് പേരു നൽകിയത്. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആ രാജ്യത്തിന് കളങ്കമാകാൻ പാടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതികവിഭാഗം മേധാവി മരിയ വാൻ കെർഖോവ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ വകഭേദം എന്ന പ്രയോഗത്തെ കേന്ദ്രസർക്കാർ വിമർശിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.