above post ad local

സമ്പദ്ഘടനയുടെ തകര്‍ച്ച: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലുണ്ടായ വൻ ഇടിവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ തകർച്ചയും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ പരാജയങ്ങളുടെ പട്ടിക-കുറഞ്ഞ ജിഡിപി, പരമാവധി തൊഴിലില്ലായ്മ, എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ സൂചിപ്പിക്കുന്ന ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം പുറത്തുവന്ന 2020-’21 സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക് സംബന്ധിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കാര്യശേഷിയില്ലാത്ത മോദി സർക്കാർ അധികാരത്തിൽ വന്ന അന്നുമുതൽ ഇന്ത്യയുടെ സാമ്പത്തിക രംഗം തകരാൻ ആരംഭിച്ചതായി കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കോവിഡ് വ്യാപനത്തിനു മുൻപുതന്നെ ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയുടെ ജിഡിപി നാൽപതു വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

2019-’20-ൽ നാലു ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് സമ്പദ്ഘടന 2020-’21 സാമ്പത്തിക വർഷം 7.3 ശതമാനം കൂപ്പുകുത്തിയത്. സാമ്പത്തിക വർഷത്തിന്റെ നാലാം പാദമായ 2021 ജനുവരി-മാർച്ച് കാലയളവിൽ 1.6 ശതമാനം വളർച്ച നേടാനായി. ഇതാണ് മൊത്തം സാമ്പത്തിക വർഷത്തെ ഇടിവ് 7.3 ശതമാനത്തിൽ ഒതുങ്ങാൻ സഹായിച്ചതെന്നും നാലു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) ഇടിയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.