
അഞ്ച് വര്‍ഷം കൊണ്ട് നടക്കാത്ത വിജയം ലക്ഷദ്വീപില്‍ സാധ്യമാകുമോ? പ്രഫുല്‍ പട്ടേല്‍ ഇരുന്ന സ്ഥലങ്ങളിൽ സംഭവിച്ചത്
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പക്ഷേ, ആ പ്രതിഷേധങ്ങള്‍ എല്ലാം നടക്കുമ്പോഴും ജനവിരുദ്ധമെന്ന് പറയാവുന്ന പുതിയ നീക്കങ്ങളുമായി അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ തുടരുകയാണ്.
എയര്‍ ആംബലന്‍സിന്റെ കാര്യത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും എല്ലാം പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെയുള്ള നടപടികള്‍ ഫലം കാണുമോ എന്ന ചോദ്യത്തിന് മുന്നില്‍, സമീപകാല ചരിത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരം ലക്ഷദ്വീപ് നിവാസികളുടെ ആശങ്ക ഉയര്‍ത്തുന്നതാണ്. പരിശോധിക്കാം…

ആദ്യം ദാമന്‍ ആന്റ് ദിയുവില്‍
കീഴ് വഴക്കങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍ ഖോഡ പട്ടേലിനെ 2014 ല്‍ ദാമന്‍ ആന്റ് ദിയുവിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കുന്നത്. അന്ന് മുതല്‍ അവിടെ തദ്ദേശീയരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള നടപടികള്‍ തുടങ്ങിവച്ചിട്ടുണ്ട് പ്രഫുല്‍ ഖോഡ പട്ടേല്‍. ഇന്നും അതെല്ലാം തുടരുകയാണ്.

ദാദ്ര ആന്റ് നഗര്‍ ഹവേലിയില്‍
2016 ല്‍ ആണ് പ്രഫുല്‍ ഖോഡ പട്ടേലിനെ ദാദ്ര ആന്റ് നഗര്‍ ഹവേലിയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോഗിക്കുന്നത്. ഇവിടത്തെ ദളിത് തദ്ദേശീയര്‍ക്കെതിരെ എടുത്ത നടപടികള്‍ ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. എന്നിട്ടും പട്ടേല്‍ അതില്‍ നിന്ന് പിന്മാറിയില്ല.

മോഹല്‍ ദേല്‍ക്കറിന്റെ ആത്മഹത്യ
ഒരു ലോക്സഭ എംപിയുടെ ആത്മഹത്യ കുറിപ്പില്‍ പേര് വന്നിട്ടും പ്രഫുല്‍ പട്ടേല്‍ സുരക്ഷിതനായി, തന്റെ ഏകപക്ഷീയ നടപടികള്‍ തുടരുന്നു എന്നും അതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. തന്റെ മരണത്തിന്റെ ഉത്തരവാദി പ്രഫുല്‍ പട്ടേല്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മോഹല്‍ ദേല്‍ക്കര്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തത്.

അവിടെ തുടങ്ങി
ദാദ്ര നഗര്‍ ഹവേലിയിലും ദാമന്‍ ആന്റ് ദിയുവിലും നടപ്പിലാക്കിയ അതേ പരിഷ്കാരങ്ങള്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍ ഇപ്പോള്‍ ലക്ഷദ്വീപിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പാസ എന്ന ഗുണ്ടാ നിയമവും, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്കും എല്ലാം ഉദാരണങ്ങളാണ്.

എന്ത് സംഭവിച്ചു?
ഈ നിയമങ്ങള്‍ക്കെതിരെ മേല്‍ പറഞ്ഞ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ എല്ലാം വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം അവിടെ ആ പ്രതിഷേധങ്ങള്‍ തുടര്‍ന്നുവരികയാണ്. എന്നിട്ടും ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ഒരു മാറ്റവും സംഭവിച്ചില്ല. പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ തിരുത്തപ്പെടാതെ തുടര്‍ന്നു.

പുതിയ നടപടികള്‍
ലക്ഷദ്വീപില്‍ ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് എയര്‍ ആംബുലന്‍സ് സേവനത്തിന്റെ കാര്യത്തില്‍ പ്രത്യേക സമിതിയുടെ അനുമതി വേണം എന്ന പുതിയ നിര്‍ദ്ദേശം വന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിജെപി എതിര്‍ത്തിട്ടും
പ്രാദേശിക ബിജെപി നേതൃത്വം തുടക്കത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ജനവിരുദ്ധ നടപടികള്‍ തുടര്‍ന്നതോടെ, ലക്ഷദ്വീപ് ബിജെപിയും അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി തന്നെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയതലത്തില്‍ ഉയര്‍ന്നാല്‍
ദാദ്ര ആന്റ് നഗര്‍ ഹവേലിയിലും ദാമന്‍ ആന്റ് ദിയുവിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പ്രഫുല്‍ പട്ടേല്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങുമെന്ന് കരുതാന്‍ ആവില്ല. ബിജെപി ദേശീയ നേതൃത്വത്തിന്റെ അത്രയും ശക്തമായ പിന്തുണ ഇക്കാര്യങ്ങളില്‍ പട്ടേലിനുണ്ട് എന്ന് തന്നെ വേണം കരുതാന്‍. എന്നാല്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായാല്‍ ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിക്കാന്‍ ബാധ്യസ്ഥരാകും.
- Advertisement -
Comments are closed.