above post ad local

യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മോദി പറഞ്ഞു. യാസ് ചുഴലിക്കാറ്റിന് ഇടയാക്കുന്ന ന്യൂനമർദ്ദം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ മാറ്റിത്താമസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിർദേശിച്ചതായി പ്രധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈദ്യുതിയും ടെലഫോൺ സംവിധാനവും തകരാറിലായാൽ താമസം കൂടാതെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദേശം നൽകി.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികോം, വൈദ്യുതി, സിവിൽ ഏവിയേഷൻ, ഭൗമശാസ്ത്രം എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മേയ് 22ന് രൂപപ്പെട്ട ന്യൂനമർദ്ദം മെയ് 23 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമാകുമെന്നും ഇത് വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും.

തുടർന്നും വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്ന് മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതം കൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉൾനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്.
ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയിൽ കടന്നുപോകുന്ന 22 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.