above post ad local

രാജ്ഭവന് മുന്നില്‍ ആടുകളുമായി പ്രതിഷേധം; പോലീസിനോട് വിശദീകരണം തേടി ബംഗാള്‍ ഗവര്‍ണര്‍

കൊൽക്കത്ത: രാജ്ഭവനു മുന്നിലെ പ്രതിഷേധങ്ങളിൽ വിശദീകരണം ആരാഞ്ഞ് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ കൊൽക്കത്ത പോലീസ് മേധാവിക്ക് കത്തയച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്ഭവന്റെ പ്രധാന ഗേറ്റിനു മുന്നിൽ പോലും ക്രമസമാധാന നില ആശങ്കാജനകമായ അവസ്ഥയിലാണെന്നും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കൂടിയും പോലീസിന് ഇഷ്ടമുള്ളവരെയെല്ലാം കറങ്ങി നടക്കാൻ അനുവദിക്കുകയാണെന്നും ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനർജിയെയും കൊൽക്കത്ത പോലീസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗവർണറുടെ ട്വീറ്റ്.

നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ മന്ത്രിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ സംസ്ഥാനത്തെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ രാജ്ഭവനു മുന്നിൽ ഒരുപറ്റം ചെമ്മരിയാടുകളുമായി കൊൽക്കത്ത നാഗരിക് മഞ്ച എന്ന സംഘടന പ്രതിഷേധിക്കാനെത്തിയതാണ് ഗവർണറെ കുപിതനാക്കിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാജ്ഭവന്റെ നോർത്ത് ഗേറ്റിനു മുന്നിലായിരുന്നു സംഘടനയുടെ ആടുകളെയും കൊണ്ടുള്ള പ്രതിഷേധം. ചൊവ്വാഴ്ച ഗവർണറുടെ ജന്മദിനം കൂടിയായിരുന്നു.

ഒരു പുരുഷൻ ആറോളം ചെമ്മരിയാടുകളുമായി നോർത്ത് ഗേറ്റിനു മുന്നിലെത്തി തടസ്സം സൃഷ്ടിക്കുകയും മാധ്യമപ്രവർത്തകരുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും പോസ് ചെയ്യുകയും ചെയ്തായും ഗവർണർ കൊൽക്കത്ത പോലീസ് മേധാവിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പോലീസുകാർ ഇത് കണ്ടുകൊണ്ട് നിന്നെന്നും രാജ്ഭവനു മുന്നിൽ തടസ്സം സൃഷ്ടിച്ച ഇദ്ദേഹത്തെ മാറ്റാൻ പോലീസ് തയ്യാറായില്ലെന്നും ഗവർണർ പറയുന്നു. അതേസമയം തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ബംഗാളിലെ മോശമായിക്കൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യത്തിനെതിരെ ആയിരുന്നു പ്രതിഷേധമെന്നും കൊൽക്കത്ത നാഗരിക മഞ്ച പറഞ്ഞു.

മൂന്ന് ടി.എം.സി. എം.എൽ.എമാരെയും കൊൽക്കത്ത മുൻമേയർ സോവൻ ചാറ്റർജിയെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി മേയ് ഏഴിനാണ് ഗവർണർ നൽകിയത്. ഇതിനു പിന്നാലെയാണ് സി.ബി.ഐ. കുറ്റപത്രം പൂർത്തിയാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.