above post ad local

23 അടി വരെ ഉയര്‍ന്ന തിരകള്‍;അതിസാഹസികമായി ടൗട്ടേയില്‍ മുങ്ങിയ ബാര്‍ജുകളിലെ രക്ഷാപ്രവര്‍ത്തനം

ന്യൂഡൽഹി: രക്ഷാപ്രവർത്തനത്തിനായി എത്തുമ്പോൾ അറബിക്കടൽ പ്രക്ഷുബ്ധമായിരുന്നു.100 മുതൽ 120 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ വീശിയിരുന്ന കാറ്റും 5-7 മീറ്റർ വരെ ഉയർന്നു പൊങ്ങിയ തിരമാലകളും. പോരാത്തതിന് കനത്ത മഴ. കഷ്ടിച്ച് അര കിലോമീറ്ററോ ഒരു കിലോമീറ്റർ വരെയോ മാത്രം മുന്നിലേക്ക് തെളിയുന്ന കാഴ്ച. നിയന്ത്രണം വിട്ടൊഴുകിയ ബാർജുകളിലുണ്ടായിരുന്നവരെ രക്ഷിക്കുക എന്നതായിരുന്നു ഏകലക്ഷ്യമെന്നതിനാൽ ഈ പ്രതിബന്ധങ്ങൾ നേരിടാൻ മടിച്ചില്ല, ഒപ്പം സ്വയംസുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമവും-വീശിയടിച്ച ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ടൊഴുകിപ്പോയ പത്തേമാരികളുടെ സഹായത്തിനെത്തിയ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണമാണിത്.

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായതോടെയാണ് മുംബൈ തീരത്ത് രണ്ട് ബാർജുകൾക്ക് തിങ്കളാഴ്ച ദിശ തെറ്റിയത്. P-305, ഗാൽ കൺസ്ട്രക്ടർ എന്നീ ബാർജുകൾ കടൽത്തിരകളിൽ പെട്ട് മുങ്ങുകയും ചെയ്തു. രണ്ട് ബാർജുകളിലുമായി നാനൂറിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 97-ഓളം പേരെ കാണാതായിട്ടുണ്ട്. രണ്ട് ബാർജുകളിലേയും അപകടത്തിൽ പെട്ട ബാക്കിയുള്ളവരെ നാവികസേനയും കോസ്റ്റ് ഗാർഡും ഒഎൻജിസിയും ചേർന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കരയ്ക്കെത്തിച്ചതായി കമഡോർ എം കെ ഝാ പ്രതികരിച്ചു. കപ്പലുകളിൽ നിന്ന് ഹെലികോപ്ടർ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു.രക്ഷപ്പെടുത്തിയ ഒട്ടുമിക്ക പേർക്കും ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നതായി ഝാ പറഞ്ഞു. എന്നാൽ ബാർജുകളിലെ ലൈഫ് റാഫ്റ്റുകൾ ഒന്നു പോലും വെള്ളത്തിലിറക്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൂലമായ കാലാവസ്ഥയിൽ രക്ഷാബോട്ടുകൾ കടലിറക്കാൻ സാധിക്കാതെ വന്നതാവണം കാരണമെന്ന് ഝാ പറഞ്ഞു. അവരുടെ കണ്ണുകളിൽ പ്രതീക്ഷ കെട്ടിരുന്നില്ല, പക്ഷെ നിത്യപരിചിതമായ കടലിന് ഇത്തരത്തിലൊരു മുഖം കൂടിയുണ്ടെന്നുള്ള യാഥാർഥ്യം അവരെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഭയാനകമായ തിരകളിൽ മണിക്കൂറുകളോളം ചെലവിടേണ്ടി വന്ന അവരുടെ ദൈന്യത തിരിച്ചറിയാനാവുന്നുണ്ട്- അദ്ദേഹം പറഞ്ഞു.സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാൻ നിർദേശിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സതീഷ് നർവാദ് പറഞ്ഞു. ബാർജിന് നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു അത്. തക്കസമയത്ത് തന്നെ സഹായമെത്തിയതിൽ തന്നെപ്പോലെ ഒരുപാട് പേർക്ക് ജീവൻ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേർത്തു.സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചയുടനെ തന്നെ ബാർജുകളുടെ സ്ഥാനം നിർണയിക്കാനുള്ള ശ്രമം നാവികസേന ആരംഭിച്ചു. കോസ്റ്റ് ഗാർജിന്റെയും ഒഎൻജിസിയുടേയും സഹായത്തോടെ രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആർത്തലച്ചെത്തിയ തിരമാലകളും വേഗതയേറിയ കാറ്റും പേമാരിയും രക്ഷാപ്രവർത്തകരെ തെല്ലൊന്നുമല്ല വലച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.