above post ad local

ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് നയപരമായ തീരുമാനമായതിനാൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. എന്നാൽ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ഡൽഹി സർക്കാരിനോടും ആവശ്യപ്പെട്ടു.

ഓക്സിജൻ ക്ഷാമം മൂലം മരണമടഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നയം രൂപീകരിക്കാൻ കഴിയുമോയെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും ചോദിച്ചു. എന്നാൽ, ഈ കേസിൽ കോടതി ഇരുവർക്കും നോട്ടീസ് നൽകിയിട്ടില്ല.

നഷ്ടപരിഹാരം നൽകുന്നത് നയപരമായ തീരുമാനമാണെന്നും കോടതികൾക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും സർക്കാർ നയവും അനുസരിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പ്രായോഗിക തീരുമാനം എത്രയും വേഗം എടുത്ത് അപേക്ഷ തീർപ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു.

ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും കടുത്ത ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് മരണങ്ങളും പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.