ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 36,18,458 ആയെന്നും 24 മണിക്കൂറിനിടെ 55,334 കേസുകളുടെ കുറവ് രേഖപ്പെടുത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേ സമയം തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ശതമാനത്തിലേക്ക് താഴ്ന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരായവരുടെ 14.66 ശതമാനം മാത്രമാണ് നിലവില്‍ സജീവ കേസുകളായി നിലനില്‍ക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാന്, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ സജീവ കേസുകളുടെ 74.69 ശതമാനവും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവ് വലിയ ആശ്വാസമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. മെയ് മൂന്നിന് 24.47 ശതമാനമായിരുന്നു രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് 16 ആകുമ്പോള്‍ അത് 16.98 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2.07 കോടിയാണ്. 3,62,437 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കഴിഞ്ഞ ആറ് ദിവസത്തിനിടെ അഞ്ചു ദിവസങ്ങളിലും പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതലാണ് പ്രതിദിന കോവിഡ് മുക്തരുടെ എണ്ണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4077 കോവിഡ് മരണവും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പശ്ചിമബംഗാള്‍, ഹരിയാണ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് മരണങ്ങളുടെ 75.55 ശതമാനവും. മാഹാരാഷ്ട്ര ഒറ്റ ദിവസത്തിനിടെ 960 മരണവും കര്‍ണാടകയില്‍ 349 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ കോവിഡ് പ്രതിരോധത്തിനായി നടക്കുന്ന വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി 18.22 കോടി വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ഇതുവെ വരെ വിതരണം ചെയ്ത വാക്സിന് ഡോസുകളില്‍ 66.76 ശതമാനവും ആന്ധ്രപ്രദേശ്, കേരളം ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ 10 സംസ്ഥാനങ്ങിലാണെന്നും കേന്ദ്ര വ്യക്തമാക്കി.
18 വയസിന് മുകളിലും 45 വയസിന് താഴെയുമുള്ള 5,62,130 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്കാന് സാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
- Advertisement -
Comments are closed.