
കോവിഡ് ബാധിതനായ ഞാൻ രോഗക്കിടക്കയിലിരുന്നാണ് ഈ കുറിപ്പെഴുതുന്നത്. വാക്സിനെടുത്തിട്ടും ഇതെന്നെ വല്ലാതെ ബാധിച്ചു. ഒപ്പം വൈറൽ മയോകാർഡൈറ്റിസും (ഹൃദയപേശികളുടെ വീക്കം) കടുത്ത ക്ഷീണവും. ഈ മഹാമാരിക്കാലം നമ്മുടെ നാടിനുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചും ഞാനിന്ന് ബോധവാനാണ്.മേയ് ആദ്യപകുതിയിൽ രാജ്യത്തെ ആകെ കോവിഡ് രോഗികൾ രണ്ടുകോടിയും മരണസംഖ്യ നാലുലക്ഷവും കടന്ന് കുതിക്കുമ്പോൾ, ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലാതെയാകുമ്പോൾ, മെഡിക്കൽ ഓക്സിജൻ കിട്ടാതെയാകുമ്പോൾ, വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനില്ലാതാകുമ്പോൾ, ആന്റി വൈറസ് മരുന്നുകൾ ആവശ്യത്തിനനുസരിച്ച് നൽകാൻ ഫാർമസികൾക്ക് കഴിയാതെ വരുമ്പോൾ… കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ പരാജയപ്പെടുകയാണ്. ‘ദുരന്തം, കെടുകാര്യസ്ഥത, ദുർഭരണം എന്നിവയുടെ പരമ്പരയ്ക്ക്’ നേതൃത്വംനൽകുന്ന സർക്കാരിന്റെ പിടിപ്പുകേടിനെ കോൺഗ്രസ് പാർട്ടി അപലപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങൾക്കുള്ള കാഴ്ചപ്പാടാണിത്.
വെറും കെട്ടുകാഴ്ചകൾ
എല്ലാവരും ഒരുസമയത്ത് പുറത്തിറങ്ങി പാത്രംകൊട്ടാനും രണ്ടാഴ്ചയ്ക്കുശേഷം നിർദിഷ്ടസമയത്ത് വിളക്കുതെളിയിക്കാനും ദേശീയ ടെലിവിഷനിൽവന്നിരുന്ന് ജനങ്ങളോടുപറയുകയും കോവിഡിനെ തനിക്കുപിന്നിൽ ആളെക്കൂട്ടാനുള്ള വിഷയമായി ഉപയോഗിക്കുകയുംചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൊറാട്ടുനാടകങ്ങളോടുള്ള അഭിനിവേശം പുറത്തുകൊണ്ടുവന്നിരുന്നു. മഹാമാരിയെ നേരിടാനുള്ള നടപടികളെക്കുറിച്ച് നയതലങ്ങളിൽ ഗൗരവമേറിയ ശാസ്ത്രീയചിന്തകൾവേണ്ട കാലത്തായിരുന്നു ഇത്തരം അന്ധവിശ്വാസപ്രകടനങ്ങൾ. മഹാഭാരതയുദ്ധം 18 ദിവസംകൊണ്ട് ജയിച്ചതുപോലെ കോവിഡിനോടുള്ള യുദ്ധം 21 ദിവസംകൊണ്ട് ജയിക്കുമെന്ന അവകാശവാദത്തിലൂടെ പ്രധാനമന്ത്രിയുടെ ഹിന്ദുദേശീയവാദവും പ്രകടമായി.
അധികാര കേന്ദ്രീകരണം
വെറും നാലുമണിക്കൂർമാത്രം തന്നാണ് 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യലോക്ഡൗൺ പ്രഖ്യാപിച്ചത്. പകർച്ചവ്യാധി നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും അവ്യക്തമായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഫെഡറൽഘടനയെ മാനിക്കാതെ കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധി കൈകാര്യംചെയ്തത്. പ്രാദേശിക പ്രത്യേകതകളനുസരിച്ചുള്ള നയങ്ങളും ഭരണപരമായ നടപടികളും കൈക്കൊള്ളാൻ സംസ്ഥാനസർക്കാരുകളെ അനുവദിക്കുന്നതിനുപകരം ഭീകരപ്രത്യാഘാതങ്ങളുണ്ടാക്കിക്കൊണ്ട് തലസ്ഥാനത്തുനിന്നുള്ള ഉത്തരവുകൾക്കനുസൃതമായ കോവിഡ് പ്രതിരോധ നടപടികൾക്കാണ് കേന്ദ്രസർക്കാർ തുനിഞ്ഞത്.
ലോകാരോഗ്യസംഘടനയെ വകവെക്കാതെ കോവിഡ് പ്രതിസന്ധിയുടെ തുടക്കംമുതൽതന്നെ പരിശോധന, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ഐസൊലേഷൻ എന്നിവയുൾപ്പെട്ട രോഗനിയന്ത്രണതന്ത്രം ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. എന്നാൽ, കേരളംപോലുള്ള വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾമാത്രമാണ് തുടക്കത്തിൽ ഇത് വിജയകരമായി നടപ്പാക്കിയത്. എന്നാൽ, കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയാൽ പലസംസ്ഥാനങ്ങളിലും ഇവ നന്നായി നടപ്പാക്കാനായില്ല.
അടിതെറ്റിയ ലോക്ഡൗൺ
സംസ്ഥാന സർക്കാരുകൾക്കോ പൊതുജനങ്ങൾക്കോ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കോപോലും മുന്നറിയിപ്പുനൽകാതെയായിരുന്നു 2020 മാർച്ചിലെ ലോക്ഡൗൺ പ്രഖ്യാപനം; ഒരുതരത്തിലുള്ള മുന്നൊരുക്കവും സ്വീകരിക്കാതെയിരുന്ന സമയത്ത്. മൂന്നുകോടിയോളം വരുന്ന മറുനാടൻ തൊഴിലാളികൾ അവരവരുടെ നാടുകളിലേക്കുള്ള യാത്രയ്ക്കിറങ്ങിയതും സാമ്പത്തികപ്രവർത്തനങ്ങൾക്കെല്ലാം താഴുവീണതും തുടങ്ങി ആകെ താറുമാറായ അവസ്ഥയായിരുന്നു ഇതിന്റെ പരിണതഫലം. സ്വന്തം നാടുകളിലേക്കുള്ള യാത്രയ്ക്കിടെ 198 മറുനാടൻ തൊഴിലാളികൾ മരിച്ചെന്നാണ് കണക്ക്. അടച്ചിടലിനെ അതിജീവിക്കാനാവാതെ പൂട്ടിപ്പോയത് 50 ലക്ഷത്തോളം സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ. രാജ്യത്തിന്റെ തൊഴിലില്ലായ്മയെത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ.
ഫണ്ടിങ്ങിലെ അപര്യാപ്തത
പ്രതിസന്ധി നിയന്ത്രണാതീതമായിത്തുടങ്ങിയതോടെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളേൽപ്പിച്ചു. അതും വേണ്ടത്ര ഫണ്ടുനൽകാതെ. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പരിശോധനാ കിറ്റുകൾ, പി.പി.ഇ. കിറ്റുകൾ, ആശുപത്രിക്കിടക്കകൾ, വെന്റിലേറ്റർ, ഓക്സിജൻ സിലിൻഡറുകൾ, മരുന്നുകൾ തുടങ്ങി മഹാമാരിയോടുപൊരുതാനുള്ള ആയുധങ്ങൾ ശേഖരിക്കാനാകാതെ സംസ്ഥാനസർക്കാരുകൾ കുഴങ്ങി. ‘പി.എം. കെയേഴ്സ്’ എന്ന പുതിയ സംവിധാനത്തിലൂടെ കേന്ദ്രസർക്കാർ ഇതിനകം വൻതോതിൽ ഫണ്ട് ശേഖരിച്ചുതുടങ്ങിയിരുന്നു. എന്നാൽ, പി.എം. കെയേഴ്സിലൂടെ എത്രതുക കിട്ടിയെന്നോ അതെങ്ങനെയൊക്കെ ചെലവഴിച്ചെന്നോ തുടങ്ങിയ കണക്കുകൾ ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിലെത്തിയിട്ടില്ല.
അമിത ആത്മവിശ്വാസം
വാക്സിനേഷനിലെ പിടിപ്പുകേട്
സംസ്ഥാനസർക്കാരുകൾക്കും പൊതു-സ്വകാര്യ ആശുപത്രികൾക്കുമായി വാക്സിൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് ഏപ്രിൽ മൂന്നാംവാരംമാത്രമാണ്. അസ്ഥാനത്തെ ‘വാക്സിൻ ദേശീയത’യെക്കൂടാതെ അടിയന്തരഘട്ടത്തിൽ വിദേശവാക്സിനുകൾക്ക് അനുമതി നൽകാനും വിസമ്മതിച്ചതോടെ ഏപ്രിൽ പകുതിയാവുമ്പോഴേക്കും ഇന്ത്യയിൽ വാക്സിൻ ദൗർലഭ്യം നേരിട്ടുതുടങ്ങി ( യു.എസ്., യു.കെ, യൂറോപ്യൻ യൂണിയൻ, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള അംഗീകാരം ലഭിച്ച വാക്സിനുകളുടെ ഇറക്കുമതിക്ക് അംഗീകാരം നൽകേണ്ട സമയമായിരുന്നു ഇത്). ഈ മനുഷ്യനിർമിത വാക്സിൻ ദൗർലഭ്യത്തിനുപുറമേ, സംസ്ഥാനങ്ങൾക്ക് തുല്യമായും നീതിപൂർവമായും വാക്സിൻ വിതരണംചെയ്യുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടു. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്നതും കോവിഡ് സാഹചര്യം രൂക്ഷമായതുമായ മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം പെരുകുമ്പോഴും വാക്സിൻ കിട്ടാനില്ലാത്ത സാഹചര്യം സംജാതമാക്കുന്നതിന് ഇത് കാരണമായി.
‘വിജയിക്കുംമുൻപേ സ്വയം അഭിനന്ദിച്ച പ്രവൃത്തി’യായിരുന്നു കേന്ദ്രസർക്കാർ ചെയ്തതെന്ന് അംഗീകരിക്കേണ്ട സമയമാണിതെന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ഇന്ത്യക്കാർ വാക്സിനുവേണ്ടി നെട്ടോട്ടമോടുമ്പോൾ ‘വാക്സിൻ മൈത്രി’ എന്ന പേരിൽ വാക്സിൻ കയറ്റുമതിചെയ്ത ഇന്ത്യൻ നടപടി അമിത ആത്മവിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഇന്ന് മോർച്ചറികളും ശ്മശാനങ്ങളും മൃതദേഹങ്ങളാൽ തിങ്ങിനിറയുമ്പോൾ, പ്രധാനമന്ത്രി മഹാമാരി കൈകാര്യംചെയ്ത രീതിയെ മുഴുവൻ ലോകവും ശ്ലാഘിക്കുകയാണെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രിമാർ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പുപറയണം, അവരെ ഈ പടുകുഴിയിലേക്ക് തള്ളിവിട്ടതിൽ.
- Advertisement -
Comments are closed.