above post ad local

വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കാം;കോവിഡ് ചികിത്സയിലെ നാഴികക്കല്ലാവുമോ DRDO വികസിപ്പിച്ച മരുന്ന്

ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി ഡി.ആർ.ഡി.ഒ.(ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു കഴിഞ്ഞു. രാജ്യം കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ നേരിടുമ്പോൾ കോവിഡ് ചികിത്സയിൽ ഈ മരുന്ന് നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ഡി.ആർ.ഡി.ഒ. വികസിപ്പിച്ച മരുന്ന്?

ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കാവുന്ന തരത്തിൽ പൗഡർ രൂപത്തിലുള്ളതാണ് 2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന്.

2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് എങ്ങനെ പ്രവർത്തിക്കും?

മരുന്ന് പൊടിരൂപത്തിലുള്ളതാണെന്ന് സൂചിപ്പിച്ചുവല്ലോ, വൈറസ് ബാധയേറ്റ കോശങ്ങളിൽ ഈ മരുന്ന് പ്രവർത്തിക്കും. കോശങ്ങളിലെ ഊർജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വൈറസ് പെരുകുന്നത് തടയാമെന്നാണ് കണക്കുകൂട്ടൽ. വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുക എന്നത് ഈ മരുന്നിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഡി.ആർ.ഡി.ഒ. പറയുന്നു.

പരീക്ഷണത്തിൽ തെളിഞ്ഞത്

2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് കോവിഡ് രോഗികൾക്ക് നൽകുന്നതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുവെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച രോഗികൾ പെട്ടന്ന് രോഗമുക്തരാവുന്നതായി ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തി. 2 ഡിഓക്സി-ഡി-ഗ്ലൂക്കോസിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം രോഗികൾക്കു പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ആശുപത്രികളിൽ നടന്ന പരീക്ഷണങ്ങളിൽ രണ്ട് പാക്കറ്റ് മരുന്ന് തുടർച്ചയായ രണ്ട് ദിവസം നൽകിയ രോഗികളിൽ മൂന്നാം ദിവസം ഓക്സിജൻ ലെവൽ വർധിച്ചതായും കൃത്രിമ ഓക്സിജൻ പിന്തുണ ഒഴിവാക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചികിത്സയിൽ കണ്ടെത്തിയത്. 30 ശതമാനം രോഗികൾക്ക് ഇത്തരത്തിൽ ചികിത്സാ പുരോഗതിയുണ്ടായി.

2020 മെയ്-ഒക്ടോബർ മാസങ്ങളിൽ 110 രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിലും രോഗികളിൽ വലിയ തോതിലുള്ള രോഗമുക്തി നിരക്കാണ് കണ്ടെത്തിയത്. രാജ്യത്തെ 11 ആശുപത്രികളിലായാണ് ഫലപ്രദമായ മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയാക്കിയത്.

കോവിഡ് ചികിത്സയിൽ നിർണായകമാവുമോ ഈ മരുന്ന്?

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാവുകയാണ് പലയിടത്തും. മെഡിക്കൽ ഓക്സിജനും വെന്റിലേറ്ററുകൾക്കും മറ്റ് ചികിത്സാ സംവിധാനങ്ങളും ക്ഷാമം നേരിടുമ്പോൾ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച മരുന്ന് നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്രിമ ഓക്സിജൻ സപ്പോർട്ട് കുറയ്ക്കുന്നു എന്നതു കൊണ്ടുതന്നെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഓക്സിജൻ വേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. കോവിഡ് രോഗികളുടെ മറ്റാരോഗ്യപ്രശ്നങ്ങൾ വേഗത്തിൽ കുറയ്ക്കാൻ സാധിക്കുന്നതിലൂടെ രോഗികൾക്ക് ആശുപത്രികളിൽ തുടരേണ്ട ദിവസങ്ങളും കുറയ്ക്കാം.

കോവിഡ് അതിരൂക്ഷമായി ബാധിച്ച രോഗികളിലും മിതമായി ബാധിച്ച രോഗികളിലും മരുന്ന് ഫലപ്രദമായി പ്രവർത്തിക്കും. 65 വയസ്സിന് മുകളിൽ പ്രായമുള്ളർക്കും ഇത് നൽകാം.

മരുന്നിന് എത്രയാണ് വില

മരുന്നിന് എത്ര വില ഈടാക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല. അതേസമയം പാക്കറ്റിന് 500-600 രൂപ വരെ ഈടാക്കിയേക്കാം എന്നാണ് സൂചന. എളുപ്പത്തിൽ നിർമിച്ചെടുക്കാവുന്ന മരുന്ന് രാജ്യത്തെ കോവിഡ് ചികിത്സയിൽ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.