above post ad local

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍;തീരുമാനം അടുത്തയാഴ്ച

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ വിദഗ്ധസംഘത്തിന്റെ പരിഗണനയിൽ. കോവിഷീൽഡ് വാക്സിന്റെ ഇരുഡോസുകൾക്കിടയിലെ ഇടവേള ദീർഘിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന അന്താരാഷ്ട്രതല പഠനഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നതെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചതായി ന്യൂസ് 18റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ അടുത്തയാഴ്ച അന്തിമതീരുമാനമുണ്ടാകും.

പുണെയിലെ സിറം ഇൻസ്റ്റിട്യൂട്ട് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള നാല്-ആറ് ആഴ്ചയിൽ നിന്ന് ആറ്-എട്ട് ആഴ്ചയായി ഏപ്രിലിൽ വർധിപ്പിച്ചിരുന്നു. ഓക്സ്ഫഡും അസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവിഷീൽഡ്. രാജ്യത്തെ പ്രായപൂർത്തിയായ എല്ലാ പൗരർക്കും വാക്സിൻ വിതരണം ആരംഭിച്ചതിനെ തുടർന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന വാക്സിൻ ക്ഷാമത്തിന് താത്കാലികപരിഹാരം നൽകാൻ ഇടവേള ദീർഘിപ്പിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

12 ആഴ്ചയുടെ ഇടവേളയിൽ ഡോസുകൾ നൽകുന്നത് കോവിഷീൽഡ് വാക്സിന്റെ ഫലപ്രാപ്തി 81.3 % വരെ വർധിപ്പിക്കുമെന്ന് ലാൻസെറ്റ് ജേണലിൽ മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലുണ്ട്. ആറ് ആഴ്ചയുടെ ഇടവേളയിൽ കോവിഷീൽഡ് ഡോസുകൾ നൽകുമ്പോൾ വാക്സിന്റെ ഫലപ്രാപ്തി 55.1 % മാത്രമാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടനിലും ബ്രസീലിലും നടത്തിയ അവസാനഘട്ട പരീക്ഷണങ്ങളിൽ പകുതി ഡോസ് കോവിഷീൽഡ് വാക്സിൻ നൽകി ഒരു മാസത്തിന് ശേഷം മുഴുവൻ ഡോസ് വാക്സിൻ നൽകുമ്പോൾ ഫലപ്രാപ്തി 90% വരെ മെച്ചപ്പെടുന്നതായി കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ ആധികാരികമായ തെളിവുകളുടെ അഭാവം ഈ കണ്ടെത്തലിനെ ദുർബലപ്പെടുത്തുന്നു. യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ 12 മുതൽ 16 ആഴ്ചകളുടെ ഇടവേളയിലാണ് കോവിഷീൽഡ് സോസുകൾ നൽകി വരുന്നത്. ഇടവേളാകാലം ദീർഘിപ്പിക്കുന്നത് ശരീരത്തിലെ പ്രതിരോധപ്രതികരണം കൂടുതൽ മെച്ചപ്പെടുത്തിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ കോവിഷീൽഡ് ഡോസുകളുടെ ഇടവേള വർധിപ്പിക്കുന്നത് രണ്ടു തരത്തിൽ സഹായകമാവും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ തീരുമാനം മൂലം കുതിച്ചുയർന്ന വാക്സിൻ ആവശ്യകത നേരിടാൻ ഇടവേള വർധിപ്പിക്കുന്നത് സഹായിക്കുമെന്നതാണ് ആദ്യത്തേത്. ഇടവേള കൂട്ടുന്നത് വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്നതാണ് രണ്ടാമത്തെ നേട്ടം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി വർധിപ്പിച്ചാൽ കൂടുതൽ പേർക്ക് ആദ്യഡോസ് നൽകാനായി വാക്സിൻ നീക്കി വെക്കാനാവും.

കോവിഷീൽഡ് സുരക്ഷിതവും ഫലപ്രദവുമാണന്ന് യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ഗുരുതരപാർശ്വഫലങ്ങളുണ്ടാവുകയോ ആരെങ്കിലും ചികിത്സ തേടുകയോ ചെയ്തിട്ടില്ലെന്ന് അസ്ട്രസെനക വെബ്സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു. ഡോസുകൾക്കിടയിലെ ഇടവേള കൂടുമ്പോൾ വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുന്നതായും അസ്ട്രസെനക വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.