above post ad local

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ലെന്ന് വി. മുരളീധരന്‍

ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കാര്യങ്ങൾ പറയുമ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കലാണ് എന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾ പരിഹാരം കണ്ടെത്താൻ അഭ്യർഥിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളല്ലെന്നും അദ്ദേഹം പഞ്ഞു.

കേന്ദ്ര സർക്കാർ ഓക്സിജൻ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെല്ലായിടത്തും ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടി എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ മാർഗം മാത്രം 2511 മെട്രിക് ടൺ ഓക്സിജൻ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്സിജൻ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജൻ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കത്തിൽ ഓക്സിജൻ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായാണ് മനസിലാക്കുന്നത്. കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിദേശകാര്യ വകുപ്പിനല്ല അതിന്റെ ചുമതല.

പി.എം. കെയർ ഫണ്ട് ഉപയോഗിച്ച് തൃശ്ശൂർ, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു വർഷമായിട്ടും ഇതിൽ എറണാകുളം ഓഴിച്ചുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിലും പ്രവർത്തന സജ്ജമായിട്ടില്ല. സ്വകാര്യ ആശുപത്രികൾ അടക്കം കോവിഡ് ചികിത്സയ്ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇന്നലെ ഹൈക്കോടതിയും ഇക്കാര്യമാണ് പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് സംബന്ധിച്ച് 2020 ജൂലൈ 20ന് മാർഗനിർദ്ദേശം ഇറക്കി എന്ന് പറയുന്നു. ഇത് എവിടെയും നടപ്പാക്കിയിട്ടില്ല. എന്തുകൊണ്ട് ചികിത്സ നിരക്ക് കുറക്കാൻ സർക്കാർ ഇടപെട്ടില്ല. വളരെ ഏറെ ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാത്ത് എന്തുകൊണ്ട് സർക്കാർ മറ്റ് സംസ്ഥാനങ്ങൾ ഇറക്കിയത് പോലെ ഉത്തരവ് നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.