above post ad local

സര്‍ക്കാരിന്റെ വീഴ്ചകള്‍ കോവിഡ് സാഹചര്യം ഗുരുതരമാക്കി; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

ന്യൂഡൽഹി: കോവിഡ് 19നെ നേരിടുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന് വ്യക്തമായ ഒരു വാക്സിനേഷൻ പദ്ധതി ഇല്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗബാധ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായ ലോക്ഡൗൺ അനിവാര്യമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ പദ്ധതിക്കെതിരേ രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനുമുള്ള വ്യക്തവും ഉചിതവുമായ പദ്ധതി കേന്ദ്രസർക്കാരിന് ഇല്ല. കോവിഡ് രാജ്യത്ത് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന അമിതാത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു. ഇപ്പോൾ നമ്മുടെ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്ഫോടനാത്മകമായി വളരുകയാണ്. മഹാമാരി നേരിടുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പരാജയം മറ്റൊരു ലോക്ക്ഡൗൺ അനിവാര്യമാക്കിയിരിക്കുന്നു., രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോവിഡ് സുനാമി നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാൻ നിർബന്ധിതനായത്. ഇത്തരമൊരു അഭൂതപൂർവമായ പ്രതിസന്ധിയിൽ ഇന്ത്യയിലെ ജനങ്ങൾ ആയിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണന. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങൾ അവസാനിപ്പിക്കാൻ താങ്കളുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.

അടിയന്തര സ്വഭാവമുള്ള വിഷയങ്ങളെ താമസമില്ലാതെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. സമയംപാഴാക്കാതെ രോഗവ്യാപന രീതി വിലയിരുത്തുകയും ജീനോം സ്വീക്കൻസിങ് നടത്തി വൈറസിന്റെ ജനിതക വ്യതിയാനം പഠനവിധേയമാക്കുകയും വേണം. ജനിതക വ്യതിയാനം വന്ന വൈറസുകൾക്കെതിരെ നിലവിലുള്ള വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി വിലയിരുത്തണം. രാജ്യത്തെ ജനങ്ങൾക്ക് മഴുവനും പരമാവധി വേഗത്തിൽ വാക്സിൻ നൽകണം. ദുർബല വിഭാഗങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഭക്ഷണവും നൽകണം, രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ വിറച്ചുനിൽക്കുമ്പോഴും കേന്ദ്ര സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ നേരത്തെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. സെൻട്രൽ വിസ്ത പദ്ധതിയെ കുറ്റകരമായ പാഴാക്കലാണെന്ന് വിശേഷിപ്പിച്ച രാഹുൽ ജനങ്ങളുടെ ജീവനാണ് ഇപ്പോൾ ശ്രദ്ധ നൽകേണ്ടതെന്നും ട്വീറ്റിൽ അഭിപ്രായപ്പെട്ടിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.