above post ad local

കോവിഡ് രോഗികളുടെ ഗുരുതരാവസ്ഥ: ബ്ലാക്ക് ഫംഗസും കാരണമാകുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തോടൊപ്പം മ്യൂകോർമൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വർധിക്കുന്നതായി റിപ്പോർട്ട്. കോവിഡ് മരണസംഖ്യ വർധിക്കുന്നതിന് മ്യൂകോർമൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം അറിയിച്ചു.

മ്യൂകോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന ഫംഗസ് ബാധ കോവിഡ് രോഗികളിൽ കൂടുതലായി കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ മ്യൂകോർമൈക്കോസിസ് ജീവന് ഭീഷണിയാകുന്നു. രക്തക്കുഴലുകൾക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

മസ്തിഷ്കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദർഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാൽ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവൻ നഷ്ടമാകുകയും ചെയ്യും. പ്രമേഹം, അർബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ കോവിഡ് ബാധയുണ്ടാകുമ്പോൾ മ്യൂകോർമൈക്കോസിസിന് സാധ്യത കൂടുന്നതാണ് ഗുരുതരപ്രതിസന്ധിയായി തീർന്നിരിക്കുന്നത്.

കോവിഡ് രോഗികളിൽ മ്യൂകോർമൈക്കോസിസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വീണ്ടും വർധനവുണ്ടായതായി ശ്രീ ഗംഗാറാം ആശുപത്രിയിലെ സീനിയർ ഇഎൻടി സർജൻ ഡോക്ടർ മനീഷ് മുഞ്ജാൽ പറഞ്ഞു. കോവിഡിന്റെ ആദ്യതരംഗത്തിലും മ്യൂകോർമൈക്കോസിസ് ബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഈ ഫംഗസ് ബാധ നിരവധി രോഗികളുടെ മരണത്തിനിടയാക്കുകയും നിരവധി പേരിൽ കാഴ്ച നഷ്ടപ്പെടലിനോ മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയോ ചെയ്തതായും ഡോക്ടർ മനീഷ് കൂട്ടിച്ചേർത്തു.

കോവിഡ് രോഗികളിൽ കൂടുതൽ പേരും പ്രമേഹരോഗികളായതിനാലാവണം ഇത്തരമൊരു പ്രതിസന്ധിയ്ക്ക് കാരണമെന്ന് ശ്രീ ഗംഗാറാം ആശുപത്രിയിലെ ഇഎൻടി വകുപ്പ് മേധാവി ഡോക്ടർ അജയ് സ്വരൂപ് പറയുന്നു. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാവണം പ്രമേഹരോഗികളിൽ ഫംഗസ് ബാധയ്ക്ക് കാരണമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുക്തിയ്ക്ക് ശേഷം പ്രമേഹം, അർബുദം, വൃക്കരോഗം, ഹൃദ്രോഗികൾ എന്നിവരിൽ മ്യൂകോർമൈക്കോസിസ് കണ്ടുവരുന്നതും കുറവല്ലെന്ന് ഡോക്ടർ അജയ് സ്വരൂപ് പറഞ്ഞു.

പ്രതിരോധശേഷി കുറഞ്ഞവരിലാണ് സാധാരണയായി ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്. മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളിൽ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് വിദഗ്ധപരിശോധനയ്ക്ക് വിധേയരാവുകയും അടിയന്തര ചികിത്സ തേടുകയുമാണ് ആവശ്യമെന്ന് ഡോക്ടർ മനീഷും ഡോക്ടർ അജയ് സ്വരൂപും പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.