above post ad local

കോടതി റിപ്പോര്‍ട്ടിങ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍വരും, വിലക്കാനാവില്ല- സുപ്രീം കോടതി

ന്യൂഡൽഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. കോടതി നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് പരാതിപ്പെടുന്നതിനെക്കാൾ സ്വന്തം പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി പരാമർശത്തിന് എതിരായ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. കോടതികളുടെ പ്രവർത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്, അതുകൊണ്ടുതന്നെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാങ്കേതിക മേഖലയിലെ വളർച്ച കാരണം കോടതിയിൽ നടക്കുന്ന നടപടികൾ ഇപ്പോൾ നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി തത്സമയം ജനങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ ആശങ്ക വേണ്ട. മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ പരാമർശം അന്തിമ വിധിയിൽ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജി തള്ളികൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.