above post ad local

വധുവിനെയും കൂട്ടരെയും കാണാനില്ല; ഒരേസമയം പരാതിയുമായി വന്നത് അഞ്ച് വരന്മാര്‍

ഭോപ്പാൽ: വിവാഹവേദിയിലെത്തിയ ഹാർദ്ദ സ്വദേശിയായ വരനും കൂട്ടരും ആദ്യം ഞെട്ടി. വിവാഹവേദിയായ ഹാൾ പൂട്ടിയിട്ടിരിക്കുന്നു. വധുവിനെയും കൂട്ടരെയും കാണാനുമില്ല. ഉടൻതന്നെ വരനും സംഘവും പോലീസ് സ്റ്റേഷനിലെത്തി. പക്ഷേ, സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് സമാന പരാതിയുമായെത്തിയ മറ്റ് നാല് വരന്മാരെ. ഒടുവിൽ പോലീസ് അന്വേഷണത്തിൽ പിടിയിലായത് യുവതി ഉൾപ്പെടെയുള്ള മൂന്നംഗ വിവാഹത്തട്ടിപ്പ് സംഘവും.

മധ്യപ്രദേശിലെ ഭോപ്പാൽ കോലാർ റോഡിലാണ് യുവാക്കൾ വിവാഹത്തിട്ടിപ്പിനിരയായത്. നേരത്തെ വിവാഹം ഉറപ്പിച്ച് പണം സ്വന്തമാക്കിയ ശേഷം വധുവിന്റെ കൂട്ടരെന്ന് പരിചയപ്പെടുത്തിയവർ ഇവരെ വിവാഹചടങ്ങ് നടത്താനായി ഭോപ്പാലിലേക്ക് ക്ഷണിക്കുകയായിരുന്നു. വധുവിന്റെ കൂട്ടർ പറഞ്ഞതനുസരിച്ച് വിവാഹവേദിയിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വരന്മാരായ യുവാക്കൾ തിരിച്ചറിഞ്ഞത്. ഒരേദിവസം അഞ്ച് യുവാക്കളാണ് തട്ടിപ്പിനിരയായത്. തുടർന്ന് ഇവരെല്ലാം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

അഞ്ച് യുവാക്കളെയാണ് വിവാഹത്തട്ടിപ്പിലൂടെ യുവതിയും കൂട്ടരും കബളിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരായ ഭൂപേന്ദ്രസിങ് പറഞ്ഞു. യുവതി ഉൾപ്പെടെയുള്ള മൂന്നംഗസംഘമാണ് തട്ടിപ്പിന് പിന്നിൽ. വിവാഹം നടക്കാത്ത യുവാക്കളെ കണ്ടെത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യരീതി. തട്ടിപ്പ് സംഘത്തിലെ യുവാക്കൾ മൊബൈൽ നമ്പരടക്കം നൽകി വിശ്വാസം നേടും. തുടർന്ന് വധുവിനെ കാണാനായി ഭോപ്പാലിലേക്ക് ക്ഷണിക്കുകയും സംഘത്തിലെ യുവതിയെ പരിചയപ്പെടുത്തുകയും ചെയ്യും. വിവാഹം ഉറപ്പിക്കുന്നതോടെ വരനിൽനിന്ന് 20,000 രൂപയാണ് സംഘം വാങ്ങിയിരുന്നത്. പിന്നീട് ഫോണിലൂടെ വിവാഹതീയതിയും വിവാഹവേദിയും അടക്കം നിശ്ചയിച്ച് വരനെയും കൂട്ടരെയും കബളിപ്പിച്ച് മുങ്ങുകയാണ് പതിവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.