above post ad local

കേന്ദ്രത്തിന് വീണ്ടും അന്ത്യശാസനം; ഡല്‍ഹിക്കാവശ്യമായ ഓക്‌സിജന്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ഓക്സിജൻ ക്ഷാമം ഞായറാഴ്ച അർധരാത്രിയോടെ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദേശം. ഓക്സിജൻ ലഭിക്കാത്തതിനാൽ ശനിയാഴ്ച പന്ത്രണ്ട് പേർ ഉൾപ്പെടെ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാത്രം മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായതിനെ തുടർന്നാണ് സുപ്രീം കോടതി നിർണായകമായ ഇടപെടൽ നടത്തിയിരിക്കുന്നത്. അധികശേഖരം കൈവശമുള്ള സംസ്ഥാനങ്ങളുമായി ചർച്ചനടത്തി അടിയന്തരമായി ഓക്സിജൻ ആവശ്യമുള്ള സ്ഥലങ്ങളിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.

ഓക്സിജൻ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മധുകർ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി ആശുപത്രികൾ സമർപ്പിച്ച അപേക്ഷകളിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എൽ എൻ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച വാദം കേട്ടിരുന്നു. ശനിയാഴ്ചയും തുടർന്ന വാദത്തിന് ശേഷമാണ് നഗരത്തിൽ ഓക്സിജൻ ക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ കേന്ദസർക്കാരിന് നിർദേശം നൽകുന്ന 64 പേജടങ്ങിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ആവശ്യത്തിലധികം ഓക്സിജൻ നൽകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഞായറാഴ്ച അർധരാത്രിയോടെ ഓക്സിജൻ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ തിങ്കളാഴ്ച വിശദീകരണം നൽകണമെന്നും കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. 970 മെട്രിക് ടൺ ഓക്സിജനാണ് കെജ്രിവാൾ സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ 590 മെട്രിക് ടണ്ണാണ് കേന്ദ്രം ശനിയാഴ്ച അനുവദിച്ചത്. നേരത്തെ ഇത് 490 മെട്രിക് ടണ്ണായിരുന്നു. കേന്ദസർക്കാരിന് ഡൽഹിയോട് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ കോടതി നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ കലഹം ഒഴിവാക്കണമെന്ന് സംസ്ഥാനസർക്കാരിന് താക്കീത് നൽകുകയും ചെയ്തു.

വാക്സിൻ വിലയും വാക്സിന്റെ ലഭ്യതയും പുനഃപരിശോധിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വാക്സിൻ വിലനിർണയത്തെക്കുറിച്ചുള്ള ഹർജികളും കോടതി പരിശോധിച്ചിരുന്നു. കോവിഡ് വാക്സിൻ വിതരണത്തിൽ ദേശീയ വാക്സിനേഷൻ മാതൃക സ്വീകരിക്കണമെന്നും വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളിൽ സ്വകാര്യനിർമാതാക്കൾക്ക് തീരുമാനമെടുക്കാൻ അനുമതി നൽകരുതെന്നും കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു.

600 രൂപ നൽകി വാക്സിനെടുക്കുന്നത് ദരിദ്രജനതയ്ക്ക് സാധ്യമായ കാര്യമല്ലെന്നും കോടതി പറഞ്ഞു. രോഗികൾക്ക് ആശുപത്രികളിൽ പ്രവേശനം നൽകുന്ന കാര്യത്തെ സംബന്ധിച്ചുള്ള അന്തിമതീരുമാനം രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും കോടതി നിർദേശം നൽകി. ആശുപത്രി പ്രവേശനം സംബന്ധിച്ച പുതിയ നയത്തിന് രൂപം നൽകുന്നത് വരെ ഒരു രോഗിക്കും ചികിത്സയോ മരുന്നോ നിഷേധിക്കപ്പെടരുതെന്നും കോടതി വ്യക്തമാക്കി.

20,000-ൽ അധികം കേസുകളാണ് തിങ്കളാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാനൂറിലധികം പേർ കോവിഡ് മൂലം മരിക്കുകയും ചെയ്തു. സജീവ രോഗികളുടെ എണ്ണം 96,000 കടന്നു. ദേശീയതലത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു. 33.5 ലക്ഷത്തോളം സജീവ രോഗികളാണ് രാജ്യത്തുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.