above post ad local

വിതരണത്തിലെ പ്രതിസന്ധി; കോവാക്‌സിന്‍ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിന് സാധ്യകള്‍ തേടി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനിടെ ഭാരത് ബയോടെകിന്റെ കോവാക്സിൻ വിദേശത്ത് ഉത്പാദിക്കുന്നതിനുള്ള സാധ്യതകൾ തേടി കേന്ദ്ര സർക്കാർ. വാണിജ്യ സ്ഥാപനങ്ങൾ തമ്മിലുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

‘വൈറസിന് വകഭേദം ഉണ്ടായത് മൂലമുള്ള വ്യാപനം കണക്കിലെടുത്ത് കോവിഡ് വാക്സിനുകൾ കൂടുതൽ ആവശ്യമായി വരുന്നുണ്ട്. അതിനാൽ താത്പര്യമുള്ള ഏതെങ്കിലും വിദേശ രാജ്യങ്ങൾക്ക് കോവാക്സിൻ ഉത്പാദിപ്പിക്കാനായി അവസരം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. വാണിജ്യ സ്ഥാപനങ്ങൾ തമ്മിലുള്ള സാങ്കേതിക കൈമാറ്റത്തിലൂടെയാണ് ഉത്പാദനം നടക്കുക’ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇനിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഭാരത് ബയോടെകാണ് അന്തിമമാക്കേണ്ടതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഭാവിയിൽ ഏത് ഇന്ത്യൻ വാക്സിന്റെ ഉത്പാദനത്തിനും ഇത്തരത്തിലുള്ള സമീപനമുണ്ടാകും. ഉത്പാദനത്തിനായി താത്പര്യമുള്ള രാജ്യങ്ങളെ തേടുന്നതിനായി വിദേശത്തെ നിയുക്ത പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനവും അതുമൂലമുള്ള മരണവും അതിതീവ്രമായി തുടരുകയും വാക്സിൻ ദൗർലഭ്യം നേരിടുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. കോവിഷീൽഡ് നിർമിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 4500 കോടി രൂപയുടെ അഡ്വാൻസ് നൽകാൻ കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

ഐസിഎംആറുമായി ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ ഉത്പാദിപ്പിച്ചെടുത്തത്. കോവിഡിനെതിരേ 78 ശതമാനവും ഗുരുതര കോവിഡ് രോഗബാധക്കെതിരെ 100 ശതമാനവും ഫലപ്രാപ്തി വാക്സിൻ കാണിച്ചിരുന്നു.

പ്രതിവർഷം 70 കോടി ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുമെന്ന് ഭാരത് ബയോടെക് ഏപ്രിൽ 20 ന് പ്രഖ്യാപിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.