above post ad local

വാക്‌സിന്‍ സ്റ്റോക്കില്ല; വിവിധ സംസ്ഥാനങ്ങളില്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ നാളെ ആരംഭിക്കാനാകില്ല

ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞം ശനിയാഴ്ച ആരംഭിക്കാനിരിക്കെ ഇതിനാവശ്യമായ വാക്സിൻ വിവിധ സംസ്ഥാനങ്ങളിൽ സ്റ്റോക്കില്ല. വാക്സിൻ ദൗർലഭ്യം നേരിടുന്നതിനാൽ മൂന്നാംഘട്ട വാക്സിനേഷൻ മുടങ്ങുമെന്ന് ഡൽഹി, കർണാടക, ഗോവ, മധ്യപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്,കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചു. 18-45 വയസിന് ഇടയിലുള്ളവർക്കുള്ള വാക്സിനേഷനാണ് നാളെമുതൽ ആരംഭിക്കുന്നത്.

ആവശ്യമായ വാക്സിൻ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാക്സിനെടുക്കാനായി ജനങ്ങളാരും നാളെ വാക്സിൻ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങൾക്കകം മൂന്ന് ലക്ഷം കോവിഷീൽഡ് വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുശേഷം ജനങ്ങൾക്ക് ആവശ്യമായ അറിയിപ്പുകൾ നൽകുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

അടിയന്തരമായി 25-30 ലക്ഷം വാക്സിൻ ലഭിച്ചിട്ടില്ലെങ്കിൽ മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിക്കാനാകില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. കോവിഡിന്റെ മൂന്നാതരംഗത്തെ നേരിടാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും 12 കോടി ഡോസ് വാക്സിൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതിയായ വാക്സിൻ ലഭ്യമല്ലാത്തതിനാൽ മുംബൈയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് വാക്സിനേഷൻ നിർത്തിവെച്ചതായി മുംബൈ കോർപ്പറേഷനും അറിയിച്ചിരുന്നു.

കർണാടകയിലും മൂന്നാംഘട്ട വാക്സിനേഷൻ വൈകും. ആവശ്യമായ വാക്സിൻ സ്റ്റോക്ക് സംസ്ഥാനത്തില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. ഒരുകോടിയിലേറെ ഡോസ് വാക്സിന് ഓർഡർ നൽകിയിരുന്നു. എന്നാൽ വാക്സിൻ ലഭ്യമായിട്ടില്ല. കുത്തിവെപ്പെടുക്കാമെന്ന് കരുതി 18-45 വയസിന് ഇടയിലുള്ളവർ നാളെ വാക്സിൻ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും സുധാകർ അറിയിച്ചു.

അഞ്ച് ലക്ഷം വാക്സിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ഇതു ലഭ്യമായാൽ 18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുമെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ആവശ്യമായ വാക്സിൻ വിതരണം ചെയ്യാൻ വാക്സിൻ നിർമാതാക്കൾക്ക് സാധിക്കാത്തതിനാൽ മൂന്നാംഘട്ട വാക്സിനേഷൻ ശനിയാഴ്ച ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വാക്സിനേഷൻ തുടരാനും 18 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് നൽകാനുമായി കേന്ദ്രം മൂന്ന് കോടി ഡോസ് വാക്സിൻ വിതരണം ചെയ്യണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ ആവശ്യപ്പെട്ടു. മൂന്നാംഘട്ട വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കാനാകില്ലെന്ന് പഞ്ചാബ്, ജാർഖണ്ഡ് സർക്കാരുകളും അറിയിച്ചിട്ടുണ്ട്.

മൂന്നാംഘട്ട വാക്സിനേഷനായി വെള്ളിയാഴ്ച രാവിലെ വരെ രാജ്യത്തുടനീളം 2.45 കോടി പേരാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഒരു കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്നും അടുത്ത ഏതാനം ദിവസങ്ങൾക്കകം 20 ലക്ഷം വാക്സിൻ കൂടി വിതരണം ചെയ്യുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾക്കായി ഇതുവരെ 16.16 കോടി ഡോസ് വാക്സിൻ സൗജന്യമായി നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.