above post ad local

കെജ്‌രിവാളല്ല, ഇനി ഡല്‍ഹിയിലെ ‘സര്‍ക്കാര്‍’ ലഫ്. ഗവര്‍ണര്‍; നിയമഭേദഗതി പ്രാബല്യത്തില്‍

ന്യൂഡൽഹി: ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിലെ വ്യവസ്ഥകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്രിവാൾ സർക്കാരിന് പകരം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഡൽഹിയുടെ സർക്കാരായി മാറി.

സംസ്ഥാന സർക്കാരിനെക്കാൾ കൂടുതൽ അധികാരങ്ങൾ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബിൽ 2021 മാർച്ച് 15നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാർച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലിൽ ഒപ്പിവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്രം ഉത്തരവിറക്കിയത്.

ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം. ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കത്തിൽ 2018ൽ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെയാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. മൂന്ന് വർഷത്തിനകം തന്നെ ഡൽഹി സർക്കാരിനുമേൽ ലഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയുള്ള നിയമം പ്രാബല്യത്തിലാക്കാനും കേന്ദ്രസർക്കാരിന് സാധിച്ചു.

ഇനിമുതൽ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും ലഫ്. ഗവർണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓക്സിജൻ വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെജ്രിവാളും കേന്ദ്രസർക്കാരും തമ്മിൾ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹി ബിൽ പ്രാബല്യത്തിൽ വന്നതെന്നും ശ്രദ്ധേയമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.