above post ad local

പ്രാണവായുവും ബെഡ്ഡുകളും തേടി കോവിഡ് രോഗികള്‍ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക്

ന്യൂഡൽഹി: പ്രാണവായുവിന്റേയും ഐസിയു ബെഡ്ഡുകളുടേയും കടുത്ത ക്ഷാമം നേരിടുന്ന ഡൽഹിയിൽ നിന്ന് കോവിഡ് രോഗികളെ ചികിത്സക്കായി പഞ്ചാബിലെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.

പഞ്ചാബിൽ രോഗികളുടെ എണ്ണം ഡൽഹിയേക്കാൾ താരതമ്യേന കുറവാണെങ്കിലും രണ്ടാം തരംഗത്തിൽ പോസിറ്റിവിറ്റി നിരക്കിൽ വർദ്ധനവുണ്ട്. അവിടേയും ആശുപത്രികളിൽ തിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

6318 പുതിയ കേസുകളും 98 മരണങ്ങളുമാണ് പഞ്ചാബിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. അതേ സമയം ഡൽഹിയിൽ 380 കോവിഡ് മരണങ്ങളാണ് തിങ്കളാഴ്ച രജിസ്റ്റർ ചെയ്തത്.

സുസജ്ജമായ ആശുപത്രികൾ ഉള്ളതിനാൽ സംസ്ഥാനത്ത് കാര്യമായ പ്രശ്നങ്ങളില്ലെന്ന് പഞ്ചാബിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഐസിയുവും കിടക്കകളും ഓക്സിജനും തിരക്കി ഡൽഹിയിൽ നിന്ന് പഞ്ചാബിലെ ആശുപത്രികളിലേക്ക് നിരന്തരം ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ചില രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്. എല്ലാവരേയും ഉൾക്കൊള്ളാനാവില്ല. ഡൽഹിയിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്ന് പലരേയും അറിയിച്ചിട്ടുണ്ട്. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണ്” പഞ്ചാബ് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെ ഛത്തീസ്ഗഢിൽ നിന്ന് 70 ടൺ ഓക്സിജനുമായി ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ട്രെയിൻ ഡൽഹിയിലെത്തിയത്. ഇത് ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിയിലെ വിവിധ ആശുപത്രികളിലേക്ക് വിതരണം ചെയ്യും. ഒഡീഷയിൽ നിന്നും ഛത്തീസ്ഗഢിൽ നിന്നും ഡൽഹിയിലേക്ക് ഉടൻ തന്നെ ഓക്സിജൻ എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.