above post ad local

ഒഴിവുള്ള കിടക്കകളുടെയും ആംബുലന്‍സുകളുടെയും വിവരം തത്സമയം ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കുവേണ്ടി ലഭ്യമായ സൗകര്യങ്ങളുടെ തത്സമയ വിവരങ്ങൾ ഉടൻ തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ഓരോ സംസ്ഥാനത്തും ഒഴിവുള്ള ആശുപത്രിക്കിടക്കകൾ, ആംബുലൻസുകൾ മറ്റുസൗകര്യങ്ങൾ എന്നിവയുടെ വിവരങ്ങൾ ഉൾപ്പെട്ട ഡാഷ്ബോർഡ് തയ്യാറാക്കാനാണ് നിർദ്ദേശം. സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ഇത്തരത്തിലുള്ള വിവരങ്ങൾ തത്സമയം തയ്യാറാക്കി ലഭ്യമാക്കണമെന്നാണ് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിഡ് കേസുകൾ വൻതോതിൽ വർധിക്കുന്ന ജില്ലകളിൽ അധിക സൗകര്യങ്ങൾ ഉടൻ ഒരുക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള എട്ട് സംസ്ഥാനങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് ഈ എട്ട് സംസ്ഥാനങ്ങൾ.

നിലവിലെ സാഹചര്യത്തിൽ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരെ കർശനമായി നിരീക്ഷിക്കണമെന്ന നിർദ്ദേശവും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ചികിത്സ ആവശ്യമുള്ളവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. കടുത്ത രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കാം എന്നാണ് സർക്കാരിന്റെ കോവിഡ് പ്രോട്ടോകോളിൽ പറയുന്നതും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുള്ളതും. കടുത്ത രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രമെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതിനിടെ ഓക്സിജനും പ്രതിരോധ മരുന്നായ റെംഡെസിവിർ അടക്കമുള്ളവയും ഉപയോഗത്തിൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.അതിനിടെ രാജ്യത്തെ 12 സംസ്ഥാനങ്ങൾ അവിടുത്തെ 80 ശതമാനം കോവിഡ് മുന്നണി പോരാളികൾക്കും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അതിവേഗം വാക്സിൻ കുത്തിവെപ്പ് നൽകാൻ രാജസ്ഥാൻ, ഛത്തീസ്ഗഢ്, ലഡാക്ക് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.