ന്യൂഡൽഹി: രാജ്യത്ത് ആശങ്ക പടർത്തി കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേർക്കു കൂടി ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ൽ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.തുടർച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തിൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 53.0 ശതമാനവും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽനിന്നാണ്. ഇതിൽ 19.21 ശതമാനം കേസുകൾ മഹാരാഷ്ട്രയിൽനിന്നു മാത്രമാണ്. ഏപ്രിൽ പതിനഞ്ചു മുതൽ രണ്ടുലക്ഷത്തിൽ അധികം പ്രതിദിന വർധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ 1,40,85,110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 2,17,113 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി. ഇതുവരെ 14,09,16,417 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ളവയുടെ ക്ഷാമം രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്. ഡൽഹിയിലെ പല വലിയ ആശുപത്രികളും ഒാക്സിജൻ ക്ഷാമം നേരിടുന്നതായി ഇതിനോടകം അറിയിച്ചിട്ടുണ്ട്.
- Advertisement -
Comments are closed.