above post ad local

കോവാക്സിന്‍ വില പ്രഖ്യാപിച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600, സ്വകാര്യ ആശുപത്രികള്‍ക്ക് 1200

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിൻ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുക.

രാജ്യത്ത് നിലവിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നത്. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് നിർമിക്കുന്നത്.

കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് കോവിഷീൽഡ് പൊതുവിപണിയിൽ വിൽക്കുന്നതെന്ന് എന്നായിരുന്നു കമ്പനി സി.ഇ.ഒ അദാർ പൂനാവാല വാക്സിൻ നിരക്കിൽ വിശദീകരണം നൽകിയത്. അമേരിക്കൻ വാക്സിനുകൾക്ക് ഡോസിന് 1500 രൂപയാണ് ഈടാക്കുന്നത്. ഇതിനോട് തുലനം ചെയ്യുമ്പോൾ കോവിഷീൽഡ് വാക്സിൻ വളരെ കുറഞ്ഞ വിലയ്ക്കാണ് രാജ്യത്ത് നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം കോവിഷീൽഡ് വാക്സിന്റെ ഉയർന്ന വില സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിൽ വികസിപ്പിച്ച് നിർമിക്കുന്ന കോവാക്സിന്റെ കൂടിയ നിരക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.