ന്യൂഡൽഹി: കോവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെൻ ആശുപത്രി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കേന്ദ്ര സർക്കാരിന് എതിരായ കോടതിയുടെ വിമർശനം.
ഓക്സിജൻ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു. ആരെയും വെറുതെ വിടില്ല. ഡൽഹിക്ക് പ്രതിദിനം 480 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം. ഡൽഹിക്ക് ഇതുവരെ 480 മെട്രിക് ടൺ ഓക്സിജൻ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാവില്ല, കോടതി പറഞ്ഞു.
ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്. ഇപ്പോഴും രോഗബാധ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളിൽ രോഗബാധ കുത്തനെ ഉയർന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മൾ തയ്യാറെടുത്തിരിക്കുന്നത്, കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.
രാജ്യം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടുകയാണെന്ന് രാജ്യം നേരിടുന്ന ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
- Advertisement -
Comments are closed.