above post ad local

പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കലില്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  പഞ്ചാബ് റാലിക്ക്  മുന്നോടിയായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ജലന്ധറിൽ പൊലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്. ജനുവരി അഞ്ചിന് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും.  ഇന്ന് ജലന്ധറിലും ഫെബ്രുവരി 16  ന് പത്താൻകോട്ടിലും ഫെബ്രുവരി 17 ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധം നടത്താന്‍ കർഷക സംഘടനകള്‍ തീരുമാനം എടുത്തിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കർഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു വിവരം. എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും, പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ -ഉഗ്രഹൻ ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലൻ അറിയിച്ചിരുന്നു.

കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരാകുന്നതെന്നായിരുന്നു കർഷക സംഘടനകൾ അറിയിച്ചത്. ജനുവരി അഞ്ചിന് ഫിറോസ്പൂരിലെ റാലിയില്‍ പങ്കെെടുക്കുന്നതിനായി പോകുന്നതിനിടെയുണ്ടായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഫ്ലൈ ഓവറില്‍ ഏറെ നേരം കുടുങ്ങിക്കിടന്നിരുന്നു. ഈ സംഭവത്തില്‍ സുപ്രീംകോടതിയില്‍ അഞ്ചംഗ സംഘം അന്വേഷണം നടത്തുകയാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.