above post ad local

ഓക്‌സിജന്‍ ക്ഷാമത്തില്‍ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകും; മോദിയോട് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിതരായ രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഡൽഹിയിലെ നിരവധി സ്വകാര്യ ആശുപത്രികൾ പെടാപ്പാടുപ്പെടുകയാണ്. നിരവധിപ്പേർ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യവുമുണ്ടായി ഈ സന്ദർഭത്തിലാണ് കെജ്രിവാൾ വികാരാധീനനായി പ്രധാനമന്ത്രിയോട് സംസാരിച്ചത്.

“ഡൽഹിയിൽ വലിയ തോതിലുള്ള ഓക്സിജൻ ക്ഷാമമുണ്ട്. ഡൽഹിയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കിൽ ഇവിടുള്ളവർക്ക് ഓക്സിജൻ ലഭിക്കില്ലേ”, പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അരവിന്ദ് കെജ്രിവാൾ ചോദിച്ചു.

“ഓക്സിജന്റെ അഭാവം മൂലം ഡൽഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിർദ്ദേശിക്കുക? ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്കാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അല്ലാത്തപക്ഷം വലിയ ദുരന്തമാണ് ഡൽഹിയിൽ ഉണ്ടാവാൻ പോകുന്നത്”, അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ഡൽഹിക്ക് അനുവദിച്ച ഓക്സിജൻ ക്വാട്ട 378 മെട്രിക് ടണ്ണിൽ നിന്ന് 480 മെട്രിക് ടണ്ണായി കേന്ദ്രം അടുത്തിടെ ഉയർത്തിയിരുന്നു. എന്നാൽ 380 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് നഗരത്തിന് ലഭിച്ചതെന്ന് കെജ്രിവാൾ വെള്ളിയാഴ്ച പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞതായും കെജ്രിവാൾ ആരോപിച്ചു. ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

“ഓക്സിജൻ കിട്ടാൻ ഞങ്ങളെ സഹായിക്കണം. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രി ഉറങ്ങാനാവുന്നില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ദയവായി ക്ഷമിക്കുക,” അരവിന്ദ് കെജ് രിവാൾ പറഞ്ഞു.

ഒഡീഷയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഡൽഹിയിലേക്ക് വരാനിരിക്കുന്ന ഓക്സിജൻ ടാങ്കറുകൾ വിമാനത്തിൽ കയറ്റിയോ ഓക്സിജൻ എക്സ്പ്രസ് വഴിയോ എത്തിക്കണമെന്നും കെജ് രിവാൾ ആവശ്യപ്പെട്ടു.

ഓക്സിജൻ പ്ലാന്റുകൾ സൈന്യം ഏറ്റെടുക്കണമെന്നും കെജ് രിവാൾ ഉപദേശിച്ചു. “എല്ലാ ഓക്സിജൻ പ്ലാന്റുകളും സൈന്യം വഴി കേന്ദ്രം ഏറ്റെടുക്കണം, ഓരോ ട്രക്കിനുമൊപ്പം സൈനികരുമുണ്ടാകണം.”, അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ഒരേ വില നിശ്ചയിക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.കോവിഷീൽഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപവിലയ്ക്കും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. അതേ സമയം കേന്ദ്രസർക്കാരിന് 150 രൂപയ്ക്കാണ് വാക്സിൻ ലഭിക്കുക.

- Advertisement -

- Advertisement -

- Advertisement -

Comments are closed.