above post ad local

മലയിടുക്കില്‍ കുടുങ്ങിയിട്ട് മണിക്കൂറുകള്‍; രക്ഷാദൗത്യം ദുഷ്‌കരം; സൈനിക സംഘം ബുധനാഴ്ച എത്തും

പാലക്കാട്: മലമ്പുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ സേനയുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബെംഗളൂരുവില്‍ നിന്നുള്ള സൈനികരുടെ സഹായമാണ് അഭ്യര്‍ഥിച്ചത്. അഭ്യര്‍ഥന മാനിച്ച് സൈനിക ഹെലികോപ്ടറും സൈനിക പര്‍വതാരോഹരും സ്ഥലത്തെത്തും. ഒപ്പം രക്ഷപ്രവര്‍ത്തനത്തിനായി കരസേനയുടെ ഒരു യൂണിറ്റ് വെല്ലിങ്ടണില്‍ നിന്നും പുറപ്പെടും.

“മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി. ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാണ്ടോകള്‍ ഉടന്‍ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്.  കരസേനയുടെ ദക്ഷിണ്‍ ഭാരത് GOC അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.”- മുഖ്യമന്ത്രി ഫെ്സ്ബുക്കിലൂടെ അറിയിച്ചു.

മലമ്പുഴ ചെറാട് സ്വദേശി ബാബുവാണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടന്‍ കാറ്റ് പ്രതികൂലമായതനാല്‍ ഹെലികോപ്ടര്‍ മടങ്ങുകയായിരുന്നു.

നിലവില്‍ എന്‍ഡിആര്‍എഫിന്റെ രണ്ടംഗ സംഘവും ഫയര്‍ഫോഴ്‌സിന്റേയും പോലീസിന്റേയും സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. കൂടുതല്‍ സൈനിക സംഘങ്ങള്‍ എത്തുന്നതോടെ നാളെ രാവിലെയോടെയെങ്കിലും ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയില്‍ കുടുങ്ങി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.

ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ബാബു ആളുകള്‍ക്ക് സിഗ്‌നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.

 

തിങ്കളാഴ്ച ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.തെന്നിവീണതിനെ തുടര്‍ന്ന് ബാബുവിന്റെ കാലില്‍ മുറിവും ഒടിവും ഉണ്ടെന്നാണ് വിവരം. പരിക്ക് പറ്റിയതിനാല്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പരിക്കേറ്റതിന്റെ ചിത്രങ്ങളും സെല്‍ഫിയും ബാബു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.

ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല. രാവിലെ തിരച്ചിലിനായി പോയസംഘം ബാബുവിനെ കണ്ടതായി അറിയിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.