above post ad local

മൂന്നാംഘട്ട പരീക്ഷണത്തിനും വാക്‌സിന്‍ ഇറക്കുമതിയ്ക്കും ഇന്ത്യയില്‍ അനുമതി തേടി ജോണ്‍സണ്‍&ജോണ്‍സണ്‍

ന്യൂഡൽഹി: ബഹുരാഷ്ട്ര മരുന്ന് നിർമാണക്കമ്പനിയായ ജോൺസൺ & ജോൺസൺ തങ്ങളുടെ ഒറ്റ ഡോസ് കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഡ്രഗ് റെഗുലേറ്ററിനോട് അനുമതി തേടി. കൂടാതെ ഇന്ത്യയിലേക്ക് വാക്സിൻ ഇറക്കുമതി ലൈസൻസിനും കമ്പനി അപേക്ഷ നൽകിയതായി സൂചന. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ(സി ഡി എസ് സി ഒ)കോവിഡ് വിദഗ്ധ സമിതിയുടെ യോഗത്തിൽ ഇക്കാര്യം പരിഗണിക്കണമെന്ന് ജോൺസൺ & ജോൺസൺ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

വിവിധ വാക്സിനുകൾക്ക് യുഎസ്, യൂറോപ്പ്, ബ്രിട്ടൻ, ജപ്പാൻ എന്നിവടങ്ങളിൽ ഐക്യരാഷ്ട്ര സഭ നേരത്തെ നൽകിയ ഉപയോഗാനുമതിയ്ക്ക് സമാനമായി കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ വിദേശവാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ജോൺസൺ & ജോൺസൺ അപേക്ഷ നൽകിയിരിക്കുന്നത്. ന്യൂ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് റൂൾസിന്റെ (2019) വ്യവസ്ഥകൾ പാലിച്ച് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാവും വിദേശ വാക്സിനുകൾക്ക് ഇന്ത്യയിൽ ഉപയോഗാനുമതി നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സുഗം ഓൺലൈൻ പോർട്ടലിലൂടെ ഏപ്രിൽ 12 നാണ് ജോൺസൺ & ജോൺസൺ ആദ്യം അപേക്ഷ നൽകിയത്. അതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനാൽ ഏപ്രിൽ 19 ന് വീണ്ടും അപേക്ഷ നൽകിയതായാണ് സൂചന. രണ്ട് മുതൽ എ്ട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിൽ മൂന്ന് മാസം വരെ ജോൺസൺ & ജോൺസന്റെ വാക്സിൻ സൂക്ഷിക്കാനാവും. കൂടാതെ വാക്സിന്റെ ഒറ്റ ഡോസ് സ്വീകരിച്ചാൽ മതി. ഇന്ത്യയിൽ വിതരണാനുമതി ലഭിച്ച മൂന്ന് വാക്സിനുകൾക്കും രണ്ട് ഡോസ് നൽകേണ്ടതുണ്ട്. ഇതൊക്കെ ജോൺസൺ & ജോൺസൺ വാക്സിന്റെ നേട്ടങ്ങളാണ്.

മേയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോവിഷീൽഡ്, കോവാക്സിൻ എന്നീ തദ്ദേശ നിർമിത വാക്സിനുകൾക്കൊപ്പം റഷ്യയിൽ നിന്നുള്ള സ്പുട്നിക്-വിയ്ക്കും ഇന്ത്യയിൽ അനുമതി നൽകിയിരുന്നു. മേയ് ഒന്ന് മുതൽ വിപുലീകരിക്കുന്ന വാക്സിൻ യജ്ഞത്തിൽ നിർമാതാക്കളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരിട്ട് വാക്സിൻ ലഭ്യമാക്കാനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.