above post ad local

പ്രതിദിന കോവിഡ് രോഗികളുടെ 78 ശതമാനത്തിലധികം കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ നിന്ന്

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിൽ 78 ശതമാനം രോഗികൾ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ന്യൂഡൽഹി, രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് 78.58 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിച്ചു വരുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോഡ് കണക്കാണ് രേഖപ്പെടുത്തിയത്. 2,73,810 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചു.

68,631 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്ര കോവിഡിന്റെ ആദ്യതരംഗത്തിലും ഏറെ ബാധിക്കപ്പെട്ട സംസ്ഥാനമാണ്. രണ്ടാം തരംഗത്തിലും രാജ്യത്തെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 30,566 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു പിന്നാലെയുള്ള ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 25,462 ആയി ഉയർന്നു.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക, ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാണ, രാജസ്ഥാൻ, പഞ്ചാബ്, കേരളം, തെലങ്കാന, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, ജമ്മു & കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്കിൽ കുത്തനെയുള്ള വർധനവുള്ളതായി കണക്കുകളിൽ പ്രതിഫലിക്കുന്നു.

രാജ്യത്തെ മൊത്തം സജീവരോഗികളുടെ 63.18 ശതമാനത്തോളവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇന്ത്യയിൽ 19,29,329 സജീവരോഗികളാണുള്ളത്. മൊത്തം രോഗികളുടെ 12.81 ശതമാനത്തോളം വരുമിത്. 1,28,013 കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വർധിച്ചത്.

രോഗമുക്തി നിരക്കിലെ വർധനവും മരണനിരക്കിൽ രേഖപ്പെടുത്തിയ കുറവും അൽപം ആശ്വാസം പകരുന്നു. 24 മണിക്കൂറിനിടെ 1,44,178 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 1,29,53,821 പേർ കോവിഡ് മുക്തി നേടി. ദേശീയതലത്തിൽ 1.19 ശതമാനം മാത്രമാണ് നിലവിലെ കോവിഡ് മരണനിരക്ക്. പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് 85.11 ശതമാനം മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1619 പേർ കോവിഡ് മൂലം മരിച്ചതായാണ് കണക്ക്. ഇതിൽ 503 പേർ മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഡിൽ 170 മരണം റിപ്പോർട്ട് ചെയ്തു.

പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലഡാക്ക്, ദാമൻ,ദിയു& ദാദ്രാ നഗർ ഹവേലി, ത്രിപുര, സിക്കിം, മിസോറാം, മണിപ്പുർ, ലക്ഷദ്വീപ്, നാഗാലാൻഡ്, എ & എൻ ദ്വീപുകൾ, അരുണാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.രാജ്യത്ത് ഇതുവരെ 12.38 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 12,38,52,566 വാക്സിൻ ഡോസുകൾ വിവിധ വിഭാഗക്കാർക്കായി ഇതു വരെ വിതരണം ചെയ്തതായാണ് കണക്ക്.. ഇതിന്റെ 59.42 ശതമാനത്തോളം എട്ട് സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തിട്ടുള്ളത്. ഏപ്രിൽ 18 ന് മാത്രം 12 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 12,30,007 ഡോസുകൾ 24 മണിക്കൂറിനിടെ നൽകി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.