above post ad local

6 മണിക്കൂര്‍ കട്ടിലിനടിയില്‍, അവസരത്തിനായി കാത്തിരുന്നു; ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു

ബെംഗളൂരു: ആറ് മണിക്കൂറിലേറെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. ബെംഗളൂരു രോഹിത് നഗറിൽ താമസിക്കുന്ന ഭരത് കുമാറാണ്(31) ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജിനെ(27) കുത്തിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. പ്രതിയായ ഭരത് കുമാറിനെ ബൈദരാഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.എട്ടു വർഷം മുമ്പാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയും ഭരത് കുമാറും വിവാഹിതരായത്. ഇരുവരും നീലമംഗലയിലെ ഫാക്ടറിയിൽ ഒരുമിച്ച് ജോലിചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ദമ്പതിമാർക്ക് രണ്ട് മക്കളുമുണ്ട്. മൂന്ന് വർഷം മുമ്പാണ് വിനുതയുടെ നാട്ടുകാരനായ ശിവരാജ് ദമ്പതിമാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

ജോലിക്കാര്യത്തിനായി ബെംഗളൂരുവിലെത്തിയ ശിവരാജ് നാട്ടുകാരിയായ വിനുതയുടെ വീട്ടിൽ ഒരാഴ്ചയോളം താമസിച്ചു. പിന്നീട് വിനുത തന്നെ ഇയാൾക്ക് ജോലി ശരിയാക്കി നൽകി. തുടർന്ന് ശിവരാജ് ഇടയ്ക്കിടെ ദമ്പതിമാരുടെ വീട്ടിലെത്തുന്നതും പതിവായി. ഇതിനിടെയാണ് വിനുതയോട് ശിവരാജ് പ്രണയാഭ്യർഥന നടത്തിയത്. ആദ്യം നിരസിച്ചെങ്കിലും യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതോടെ വിനുത സമ്മതം മൂളി. ഭർത്താവറിയാതെ വിനുതയും ശിവരാജും പ്രണയബന്ധത്തിലായി.

ശിവരാജുമായുള്ള ബന്ധം അറിഞ്ഞതോടെ ഭരത് കുമാർ ഭാര്യയുമായി വഴക്കിട്ടു. ബന്ധത്തിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, വഴക്ക് പതിവായതോടെ വിനുത ഭർത്താവിനെ ഉപേക്ഷിച്ച് ബെംഗളൂരു ആന്ധ്രാഹള്ളിയിലെ മറ്റൊരു വീട്ടിലേക്ക് ഒറ്റയ്ക്ക് താമസം മാറി. ആഴ്ചയിലൊരിക്കൽ ശിവരാജ് ഇവിടേക്ക് വരുന്നതും പതിവായി.ശിവരാജുമായുള്ള ബന്ധം ഭാര്യ തുടരുന്നുണ്ടെന്ന് മനസിലായതോടെ ഇയാളെ എങ്ങനെയും ഇല്ലാതാക്കാൻ ഭരത് കുമാർ തീരുമാനിച്ചു. ഇതിനായി ഒരു മാസം മുമ്പ് ഓൺലൈൻ വഴി കത്തി വാങ്ങിച്ചു. ബുധനാഴ്ച രാത്രി വിനുത താമസിക്കുന്ന വീടിന് സമീപമെത്തിയ പ്രതി ഭാര്യ പുറത്തേക്ക് പോകുന്നതിനായി കാത്തിരുന്നു. രാത്രി 8.30 ഓടെ കോഴിയിറച്ചി വാങ്ങാനായി വിനുത കടയിലേക്ക് പോയപ്പോൾ പ്രതി വീടിനകത്ത് കയറി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്നു.

തൊട്ടടുത്ത കടയിലേക്കായതിനാൽ വാതിലടയ്ക്കാതെയാണ് യുവതി വീട്ടിൽനിന്നും ഇറങ്ങിയത്. തുടർന്ന് തിരികെയെത്തി കോഴിയിറച്ചി പാകം ചെയ്തു. രാത്രി 10.30-ഓടെ കാമുകനായ ശിവരാജ് വീട്ടിലെത്തി. ഇരുവരും ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി കിടപ്പുമുറിയിലെത്തി. ഈ സമയത്തും ഭരത്കുമാർ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ വിനുത ശൗചാലയത്തിലേക്ക് പോയതോടെ ഭരത്കുമാർ കട്ടിലിനടിയിൽനിന്നും പുറത്തിറങ്ങി. തുടർന്ന് ഭാര്യയെ ശൗചാലയത്തിൽ പൂട്ടിയിട്ടു. പിന്നാലെ ഉറങ്ങിക്കിടന്ന ശിവരാജിനെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. തുടർന്ന് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വയറിലും മറ്റും കുത്തിപരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു.സംഭവത്തിന് ശേഷം ശൗചാലയത്തിൽ പൂട്ടിയിട്ട ഭാര്യയെ പ്രതി പുറത്തിറക്കി. ആദ്യം മൃതദേഹം ഉപേക്ഷിക്കാൻ പദ്ധതിയിട്ടെങ്കിലും ഇത് വേണ്ടെന്നുവെച്ചു. ഒരു ബന്ധുവിനെ ഫോണിൽ വിളിച്ച് പ്രതി തന്നെയാണ് കൊലപാതകവിവരം ആദ്യം അറിയിച്ചത്. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട ശിവരാജിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പ് അടക്കമുള്ള നടപടികൾ ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.