above post ad local

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ഓക്‌സിജന് കടുത്ത ക്ഷാമം

ന്യൂഡൽഹി: കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡൽഹിയിൽ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയർന്നിട്ടുണ്ട്. ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നു. ഇവ ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ 25,000 മുകളിൽ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളിൽ 100 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വർധിച്ചതോടെ ആശുപത്രികളിൽ 6000 കിടക്കകൾ അടിയന്തിരമായി വേണ്ടിവരുമെന്ന് കെജ്രിവാൾ വ്യക്തമാക്കി.

ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ടതോടെ കോമൺവെൽത്ത് ഗെയിംസ് വില്ലേജ്, സ്കൂളുകൾ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താൽകാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. രണ്ട്-മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ സൗകര്യമുള്ള ആറായിരം കിടക്കകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൈവശമുള്ള ഓക്സിജൻ അതിവേഗത്തിൽ തീർന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ അളവ് ഓക്സിജൻ മാത്രമേ ആശുപത്രികളിൽ ബാക്കിയുള്ളൂ. അടിയന്തിരമായി കൂടുതൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി.ഡൽഹിയിലെ കോവിഡ് സാഹചര്യം അതിഗുരുതരമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം അനുനിമിഷം വർധിക്കുകയാണ്. ഇത് അപ്രതീക്ഷിതമാണ്. ഇന്നലത്തേതുപോലെ ഇന്നും ഉയർന്ന തോതിലുള്ള രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.