കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിങ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു.294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് എം.പി. ഡെറിക് ഒബ്രിയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതായും ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പാർട്ടി പ്രതിനിധി സംഘം തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്.
എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തു കൊണ്ട് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. അഞ്ചു മിനുട്ടിന്റെ ഇടവേളയിൽ വോട്ടിങ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കാമോ എന്നും ഞെട്ടിപ്പിക്കുന്നതാണ് ഇതെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ പറയുന്നു. അടിയന്തരമായി ഇടപെടാൻ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ ആവശ്യപ്പെടുന്നുമുണ്ട്.വോട്ടിങ് യന്ത്രത്തിൽ തകരാറുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തങ്ങൾ തൃണമൂൽ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും എന്നാൽ വി.വി.പാറ്റിൽ കാണുന്നത് ബി.ജെ.പിയുടെ ചിഹ്നമണെന്നും കാന്തി ദക്ഷിൺ നിയോജക മണ്ഡലത്തിലെ ധാരാളം വോട്ടർമാർ ആരോപിക്കുന്നു. ഇത് ഗൗരവതരമാണ്. ക്ഷമിക്കാനാവാത്തതാണ്- മറ്റൊരു ട്വീറ്റിൽ തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
- Advertisement -
Comments are closed.