above post ad local

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.

റിപ്പോർട്ടിൽ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജയിൻ സമിതിയുടേത് പ്രാഥമിക റിപ്പോർട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിൻ സമിതി റിപ്പോർട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിർദേശം നൽകി. റിപ്പോർട്ട് നമ്പി നാരായണനും കൈമാറില്ല.

ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ചാണ് നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോർട്ട് പരിഗണിച്ചത്. മുദ്രവച്ച കവറിലാണ് സമിതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.2018 സെപ്റ്റംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിൽ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്. 2020 ഡിസംബർ 14,15 തീയതികളിൽ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.