above post ad local

സ്കൂളുകൾ തുറക്കണമെന്ന് കേന്ദ്രത്തിന് ശുപാർശ

ന്യൂഡൽഹി: കുട്ടികൾക്ക് വാക്സിൻ ലഭ്യമാകുന്നതുവരെ കാത്തിരിക്കാതെ രാജ്യത്തെ എല്ലാ സ്കൂളുകളും തുറക്കണമെന്ന് പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരുടെ ഐക്യവേദിയായ ‘ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ’ (ഐ.എ.പി.എസ്.എം.) കേന്ദ്രത്തോടഭ്യർഥിച്ചു.

സ്കൂളുകൾ തുറന്നാൽ കുട്ടികൾക്ക് മെച്ചമേ ഉണ്ടാവൂ. തുറക്കാതിരിക്കുന്നതാണ് അപകടം. പ്രീപ്രൈമറി സ്കൂളുകൾപോലും ഇപ്പോൾ തുറക്കാവുന്നതാണ്. യഥാർഥത്തിൽ ആദ്യം തുറക്കേണ്ടത് ചെറിയ ക്ലാസുകളാണെന്ന്് സംഘടന ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്കും നീതി ആയോഗിനും നൽകിയ ശുപാർശയിൽ പറഞ്ഞു.

ക്ലാസുകളിൽ വായുസഞ്ചാരം ഉറപ്പാക്കിയും രാവിലത്തെ അസംബ്ലി ഒഴിവാക്കിയും അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകിയും സ്കൂളുകൾ തുറക്കാമെന്ന് ഐ.എ.പി.എസ്.എം. സർക്കാരിന് നൽകിയ ശുപാർശയിൽ പറഞ്ഞു. പ്രായംകുറഞ്ഞ കുട്ടികൾക്ക് രോഗംവന്നാലും തീവ്രമാകില്ലെന്നതിന് തെളിവുകളുണ്ട്. കുട്ടികൾക്ക് പ്രതിരോധശേഷി കൂടുതലാണ്. 15 രാജ്യങ്ങളിൽ കുട്ടികളിലെ രോഗവ്യാപനത്തെക്കുറിച്ചു നടത്തിയ പഠനത്തിൽ, മൂന്നിടങ്ങളിലേ ഉയർന്ന രോഗവ്യാപനം കണ്ടുള്ളൂ. അതുതന്നെ സ്കൂളുകളുമായി ബന്ധപ്പെട്ടുള്ളതല്ല.

കുട്ടികൾക്ക് കോവിഡ് വന്നാലും അത് ഗുരുതരമാവില്ല. കൂടുതലും നേരിയ ലക്ഷണങ്ങളോടെ, അല്ലെങ്കിൽ ലക്ഷണമില്ലാതെ കടന്നുപോവും. പുറത്തുപോകുന്ന കുട്ടികൾ വീട്ടിലെ മുതിർന്നവർക്ക് രോഗം പരത്തുമെന്ന ആശങ്ക ഈ ഘട്ടത്തിൽ അനാവശ്യമാണെന്ന് ഐ.എ.പി.എസ്.എം. സെക്രട്ടറി ജനറൽ ഡോ. എം.എം. കാദ്‌രി ‘മാതൃഭൂമി’യോടു പറഞ്ഞു. 70 കോടി ജനങ്ങൾ വാക്‌സിൻ എടുത്തുകഴിഞ്ഞു. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിന് പ്രതിരോധശേഷി വന്നിരിക്കയാണ്. കുട്ടികൾ ഇപ്പോൾതന്നെ മുതിർന്നവരുമായി ഇടപഴകുകയും പുറത്തുപോവുകയും ചെയ്യുന്നുണ്ട്. ആനിലയ്ക്ക്് സ്കൂളുകൾ തുറന്ന്്് കുട്ടികൾക്ക് പഠനത്തിനും സാമൂഹിക ഇടപെടലിനും അവസരമൊരുക്കണം. രോഗം നിയന്ത്രണവിധേയമാവുകയും ജനജീവിതം സാധാരണമാവുകയും ചെയ്ത സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.