above post ad local

കൂലിത്തൊഴിലാളി 10 കൊല്ലമായി നടത്തി വന്ന 11,000 പുസ്തകങ്ങളുള്ള ലൈബ്രറി തീവെച്ച് നശിപ്പിച്ചു

0

മൈസൂരു: ദിവസവേതനത്തൊഴിലാളി നടത്തി വന്ന പതിനായിരത്തിലധികം പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഗ്രന്ഥശാല സാമൂഹികവിരുദ്ധർ തീവെച്ച് നശിപ്പിച്ചു. അറുപത്തിരണ്ടുകാരനായ സെയ്ദ് ഇസാഖ് ആണ് ഗ്രന്ഥശാലയുടെ ഉടമ. കന്നഡ ഭാഷയിലുള്ള പതിനൊന്നായിരം പുസ്തകങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. വെള്ളിയാഴ്ചയുണ്ടായ അനിഷ്ടസംഭവത്തിൽ പുസ്തകങ്ങളും കെട്ടിടവും കത്തി നശിച്ചു.

2011 ലാണ് സെയ്ദ് ഇസാഖ് പൊതുജനങ്ങൾക്കായി ലൈബ്രറി ആരംഭിച്ചത്. വിദ്യാഭ്യാസത്തിനുള്ള സൗകര്യം തീരെ ലഭിക്കാതിരുന്ന സെയ്ദ് മറ്റുള്ളവർക്ക് പ്രയോജനം ലഭിക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ചതായിരുന്നു ഈ സ്ഥാപനം. കന്നഡ ഭാഷയിലുള്ള വിവിധ മതഗ്രന്ഥങ്ങളും ദിനപ്പത്രങ്ങളും ലൈബ്രറിയിൽ ലഭ്യമായിരുന്നു. കന്നഡ ഭാഷാവിരോധികളായ ആളുകളാവണം അക്രമസംഭവത്തിന് പിന്നിലെന്ന് സെയ്ദ് ഇസാഖ് പ്രതികരിച്ചു.

രാജീവ് നഗറിലും ശാന്തി നഗറിലുമുള്ള താമസക്കാർക്ക് ചിരപരിചിതനാണ് സെയ്ദ്. സൗജന്യമായാണ് ലൈബ്രറി സൗകര്യം ലഭ്യമാക്കിയിരുന്നത്. ദിവസവും 100-150 പേർ ലൈബ്രറി സന്ദർശിക്കാറുണ്ട്. 75 ശതമാനത്തോളം കന്നഡ പുസ്തകങ്ങളും ബാക്കി ഇംഗ്ലീഷ്, ഉർദു പുസ്തകങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. മാസം തോറും 6000 രൂപ ലൈബ്രറി നടത്തിപ്പിനായി സെയ്ദ് നീക്കി വെച്ചിരുന്നു.

സംഭവത്തിൽ സെയ്ദ് പോലീസിൽ പരാതി നൽകി. ആ പ്രദേശത്ത് വിദ്യാഭ്യാസസൗകര്യം വളരെ കുറവായതിനാൽ ലൈബ്രറി വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന് സെയ്ദ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് നിരവധി പേർ ഇദ്ദേഹത്തെ സഹായിക്കാനെത്തി. ഇതു വരെ 13 ലക്ഷം രൂപയാണ് പുതിയ ലൈബ്രറിക്കായി സംഭാവന ലഭിച്ചത്.സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നും വിദ്യാഭ്യാസം ഒരവശ്യസംഗതിയാണെന്നും സെയ്ദ് പറയുന്നു. നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ് ഒരു പുസ്തകമെന്ന് മുൻരാഷ്ട്രപതി അബ്ദുൾ കലാം ഒരിക്കൽ പറഞ്ഞതായി സെയ്ദ് ഓർമിക്കുന്നു. സുഹൃത്തുക്കൾ ചിലപ്പോൾ വഞ്ചിക്കാമെന്നും എന്നാൽ പുസ്തകങ്ങൾ നന്മ മാത്രമാണ് ചെയ്യുന്നതെന്നും ഈ കൂലിത്തൊഴിലാളി പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.