above post ad local

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 10 കോടി ഡോസ് പിന്നിട്ടു

0

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. 85 ദിവസങ്ങൾക്കുളളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 10 കോടി ഡോസ് പ്രതിരോധ വാക്സിൻ വിതരണത്തിനായി യുഎസ് എടുത്തത് 89 ദിവസങ്ങളാണ്. ചൈന 102 ദിവസങ്ങളും എടുത്തു.

ജൂലായ് മാസത്തോടെ 25 കോടി ആളുകൾക്ക് ലഭ്യമാക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ 45 വയസ്സിന് മുകളിൽ പ്രായമുളള എല്ലാവർക്കും രാജ്യത്ത് വാക്സിൻ ലഭ്യമാണ്.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മാർച്ചുമുതലാണ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങുന്നത്. ഏപ്രിൽ ഒന്നുമുതൽ കേസുകൾ കുത്തനെ വർധിച്ചു. ഏപ്രിൽ നാലിന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത് യുഎസ് മാത്രമാണ്. അന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും മഹാരാഷ്ട്രയിൽ നിന്നായിരുന്നു.

ഞായറാഴ്ച 1,52,879 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 839 പേർ രോഗം ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു. ഇതുവരെ 12 ദശലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,67,000 പേർ മരിച്ചു. യുഎസും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ.

കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കിയിട്ടുണ്ട്. 40 ദശലക്ഷം ഡോസുകൾ സ്റ്റോക്കുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ചില സംസ്ഥാനങ്ങളിൽ വാക്സിൻ വേണ്ടത്ര ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ജനുവരി 16-നാണ് ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ആരംഭിക്കുന്നത്. ആസ്ട്രസനക്കയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.