above post ad local

പ്രതിപക്ഷ എം. പി. മാർക്കെതിരെ റിപ്പോർട്ട് :എളമരം മാർഷലിൻ്റെ കഴുത്തിനു പിടിച്ചു

ന്യൂഡൽഹി:കഴിഞ്ഞദിവസം സഭാസമ്മേളനത്തിനിടെ അരങ്ങേറിയ നാടകീയസംഭവങ്ങളിൽ പ്രതിപക്ഷ എം.പി.മാർക്കെതിരേ രൂക്ഷവിമർശനവുമായി രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്.

സി.പി.എം. രാജ്യസഭാകക്ഷിനേതാവ് എളമരം കരീം മാർഷലിന്റെ കഴുത്തിന് പിടിച്ചതായും ഛത്തീസ്ഗഢിൽനിന്നുള്ള കോൺഗ്രസ് എം.പി.മാരായ ഫുലോദേവി, ഛായവർമ എന്നിവർ വനിതാമാർഷലിനെ മർദിച്ചതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സി.പി.ഐ. അംഗം ബിനോയ് വിശ്വം, ശിവസേന എം.പി. അനിൽദേശായി തുടങ്ങിയവർക്കെതിരേയും പരാമർശമുണ്ട്.

മാർഷലുകൾ സ്ത്രീകളുൾപ്പെടെയുള്ള പ്രതിപക്ഷഅംഗങ്ങളെ കൈയേറ്റം ചെയ്തതായും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പി.മാർ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നിവേദനം നൽകിയിരുന്നു. അതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. കൈയേറ്റത്തിനിരയായി എന്ന് പരാതിപ്പെട്ട വനിതാ എം.പി.മാർക്കെതിരേയും റിപ്പോർട്ടിൽ പരാമർശമുള്ളത് പ്രതിപക്ഷത്തെ സമ്മർദത്തിലാഴ്ത്താനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യസഭയിൽ ബുധനാഴ്ച ഇൻഷുറൻസ് ഭേദഗതി ബില്ലിൽ വോട്ടെടുപ്പ് നടത്താൻ തുടങ്ങുമ്പോഴാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ബഹളംതുടങ്ങിയത്. അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ സ്ത്രീകളുൾപ്പെടെയുളള അറുപതിലേറെ മാർഷലുകൾ നടുത്തളംവളഞ്ഞു. പ്രതിപക്ഷാംഗങ്ങളും മാർഷലുകളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതേക്കുറിച്ചാണ് സഭാസെക്രട്ടേറിയറ്റ് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.